മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റുമോയെന്ന് വയോധിക; എന്നാൽ പിന്നെ തന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണം ചർച്ചയാകുന്നു. ഇന്നു രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്നാണു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് വയോധിക ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്നു വയോധിക ചോദിച്ചു. ഇതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകുകയായിരുന്നു.

 

”കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാൻ മുഖ്യമന്ത്രി തയാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്കു തരാനുള്ള സംവിധാനം ഒരുക്കാൻ തയാറുണ്ടെങ്കിൽ, ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാൻ ഇത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ”, സുരേഷ് ഗോപി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കി പോകാൻ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. ഉടൻ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ, ”എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്”. ഇതോടെ ചുറ്റും കൂടിനിന്നവർ എല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്തു.

 

തുടർന്നു ‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക ചോദിച്ചതോടെ വീണ്ടും മറുപടി എത്തി. ”അല്ല. ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാൻ അതിനുള്ള മറുപടിയും നൽകി കഴിഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ”, സുരേഷ് ഗോപി പറഞ്ഞു.

Top News from last week.

Latest News

More from this section