കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ അറിയിച്ചിട്ടും എസ്ഐആർ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിർബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
നിലവിലുള്ള വോട്ടർ പട്ടികയ്ക്കു പകരം 2002 – 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്രപരിഷ്‌കരണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യറാകുന്നത്. 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടർ റജിസ്ട്രേഷൻ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കേണ്ടത്. ‘വോട്ടിംഗിനെപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും’ എന്നതായിരുന്നു 2024ലെ വോട്ടർ ദിന സന്ദേശം. അതാണ് രാജ്യത്തെമ്പാടും പ്രചരിപ്പിച്ചത്. അത് പ്രചരിപ്പിച്ചവർ തന്നെയാണ് ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയത്. ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ് ബീഹാറിൽ നടന്നതും ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാൻ പോകുന്നതുമായ എസ്ഐആർ പ്രക്രിയ. പൗരന്റെ മൗലിക അവകാശമായ സമ്മതിദാനം രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ പറ്റുന്നതല്ല. ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ് ഐ ആർ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതൽ ശക്തമാവുകയാണിവിടെ. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വോട്ടർപട്ടിക പുതുക്കാനുള്ള നീക്കമാണ് എസ് ഐ ആറിലൂടെ കേന്ദ്ര ഭരണാധികാരികൾ നടത്തുന്നത് എന്ന വിമർശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണ് – മുഖ്യമന്ത്രി വ്യക്തമാക്കി.
ബീഹാർ എസ്ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപുനഃപരിശോധന തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്നു വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് കമ്മീഷൻ പിന്തിരിയണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചു കൂടാ. എസ്ഐആറിനെതിരെ നിയമസഭയിൽ യോജിച്ചു പ്രമേയം പാസാക്കിയ സംസ്ഥാനമാണ് കേരളം. രണ്ടാംഘട്ട എസ്ഐആർ പ്രക്രിയക്കെതിര ജനാധിപത്യം സംരക്ഷിക്കാൻ താല്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണം മുഖ്യമന്ത്രി വ്യക്തമാക്കി.









