ഓണക്കാലത്ത് ലഹരിവേട്ട ശക്തമാക്കും; വീഴ്ചവരുത്തുന്ന പോലീസുകാർക്കെതിരെ കശന നടപടിയെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓണക്കാലത്ത് കഞ്ചാവും മയക്കുമരുന്നും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വ്യാപകമായി കടത്തുന്നത് തടയാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഡ്യൂട്ടിയിൽ വീഴ്ചവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.എച്ച്.ഓമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ യാതൊരുവിധ അനിശ്ചിതത്വവുമില്ല. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തന്നെ എസ്.ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകും.
കാലടി വി.സി വിഷയത്തിൽ രൂക്ഷവിമർശനം
കാലടി സംസ്‌കൃത സർവ്വകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ച സംഭവം അത്യന്തം പ്രാകൃതമാണെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ജനാധിപത്യ സമൂഹത്തിൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് അവിടെ നടന്നത്. സംഭവത്തിൽ തെറ്റ് ചെയ്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.









