കണ്ണൂർ ജില്ലയിലെ മികച്ച വായനശാലകൾക്ക് നൽകുന്ന പീപ്പിൾസ് മിഷൻ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിൽ ലൈബ്രറി വ്യാപനത്തിനും വിപുലീകരണത്തിനുമായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി രൂപം കൊണ്ട പീപ്പിൾസ് മിഷൻ ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അവാർഡ് നിർണയം നടത്തുന്നത്. മികച്ച വായനശാലക്കുള്ള അവാർഡിനൊപ്പം മികച്ച പുതുവായനശാലക്കുള്ള പ്രത്യേക അവാർഡും ഉണ്ടായിരിക്കുന്നതാണ്. 2021 ജനുവരി ഒന്നിനു ശേഷം ആരംഭിച്ച വായനശാലകളേയാണ് മികച്ച പുതുവായനശാലകളുടെ ഗണത്തിൽപ്പെടുത്തുക. മികച്ച വായന ശാലക്കുള്ള അവാർഡ് അമ്പതിനായിരം രൂപയും ഇരുപത്തിയഞ്ചായിരം രൂപമുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവുമാണ്. മികച്ച പുതു വായനശാലക്ക് ഇരുപത്തിയഞ്ചായിരം രൂപയും ഇരുപത്തഞ്ചായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവുമാണ് നൽകുക. കൂടാതെ പ്രസ്തുത വായനശാലകളുടെ സെക്രട്ടറിക്കും ലൈബ്രേറിയനും പ്രത്യേക ക്യാഷ് അവാർഡും പുരസ്ക്കാരവും നൽകും. അവാർഡിനായി അപേക്ഷിക്കുന്നവർ സെപ്തംബർ പതിനഞ്ചിനകം ഡോ. വി ശിവദാസൻ എംപിയുടെ ഓഫീസിലോ, പീപ്പിൾസ് മിഷൻ ഓഫീസിലോ അല്ലെങ്കിൽ peoplesmissionfsd@gmail.com എന്ന ഇമെയിൽ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2026 സെപ്തംബർ 10 വരെയുള്ള പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിക്കുക.
വിശദവിവരങ്ങൾക്ക് www.peoplesmission.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.









