പോലീസിനെ വീണ്ടും വെല്ലുവിളിച്ച് അർജുൻ ആയങ്കി: സംസ്ഥാനം വിട്ടതായി സംശയം; തെരച്ചിൽ ഊർജിതമാക്കി അന്വേഷണസംഘം


കൊച്ചി: പോലീസ് വലവീശിയിട്ടും പിടിതരാതെ ഒളിവ് ജീവിതം തുടരുകയാണ് അർജുൻ ആയങ്കി. പാലിയേക്കര ടോൾ പ്ലാസ വഴി കടന്നുപോയ ഇയാൾ കേരളത്തിന്റെ അതിർത്തി കടന്നിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപ ജില്ലകളിലും അതിർത്തി മേഖലകളിലും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഒളിവിലിരിക്കുമ്പോഴും പോലീസിനെതിരെ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളി തുടരുകയാണ് ഇയാൾ. “സിസ്റ്റമാണ് തങ്ങളെ തീവ്രവാദികളാക്കിയത്; മുട്ടിനു താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല” എന്ന് കഴിഞ്ഞ ദിവസവും ഇയാൾ കുറിച്ചു. ഈ പോസ്റ്റുകൾ ഇടുന്നത് അർജുൻ തന്നെയാണോ അതോ മറ്റാരെങ്കിലും സഹായിക്കുന്നുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
കോതമംഗലം സി.ഐയെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ഭീഷണിപ്പെടുത്തിയ കേസിലാണ് നിലവിൽ അർജുനായി പോലീസ് തെരച്ചിൽ നടത്തുന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ശേഷമേ മുന്നിലെത്തൂ എന്നും, ധൈര്യമുണ്ടെങ്കിൽ തന്നെ പിടികൂടൂ എന്നുമാണ് മുൻപ് ഇയാൾ പങ്കുവെച്ച സന്ദേശത്തിലുള്ളത്. കഴിഞ്ഞ മേയ് 3-ന് ഒരു റിസോർട്ടിൽ വെച്ച് കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് അർജുനെയും സംഘത്തെയും കോതമംഗലം പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം, കേസ് എടുത്ത സി.ഐയെ സമാധാനപരമായി പെൻഷൻ പറ്റി ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഇയാൾക്കെതിരെ പോലീസ് പുതിയ കേസെടുത്തത്.









