ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഭീകരർക്കെതിരായ ഓപ്പറേഷൻ അഖൽ മൂന്നാം ദിവസത്തിലേക്ക് കടന്നു. ഓപ്പറേഷനിൽ ഇതുവരെ വധിച്ച ഭീകരരുടെ എണ്ണം ആറായി.
ഈ വർഷത്തെ ഏറ്റവും വലിയ ഭീകരവിരുദ്ധ വേട്ടയാണ് കശ്മീരിൽ നടക്കുന്നത്. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിലെ അഖൽ വനമേഖലയിൽ രാത്രി വൈകിയും വെടിവെപ്പുണ്ടായി. സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവയുടെ സംയുക്ത സംഘവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്.
അഖൽ വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് വെള്ളിയാഴ്ചയാണ് തിരച്ചിൽ ആരംഭിച്ചത്. ഇതോടെ വനത്തിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ (ടിആർഎഫ്) പെട്ടവരാണെന്ന് സൈന്യം സൂചിപ്പിച്ചു.









