മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നീതി തേടി സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരനും അങ്കമാലി എം.എല്‍.എ. റോജി എം. ജോണും ഛത്തീസ്ഗഢിലേക്ക് തിരിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കുടുംബം. ഛത്തീസ്ഗഢ് പോലീസ് ഒരു തെറ്റും ചെയ്യാത്തവരെ പീഡിപ്പിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും, അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും എം.എല്‍.എയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്നും അവര്‍ വിശ്വസിക്കുന്നു.
കന്യാസ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി കൊണ്ടുപോവുകയായിരുന്നു എന്ന് ആരോപിച്ചാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞത്. തുടര്‍ന്ന് ടി.ടി.ഇ.യുടെ അറിയിപ്പിനെ തുടര്‍ന്ന് റെയില്‍വേ പോലീസ് എത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങളോടൊപ്പം വന്നതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് എത്തിയതെന്നും കന്യാസ്ത്രീകള്‍ പൊലീസിനെ അറിയിച്ചു. നിലവില്‍ പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.









