പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കുന്ന ടി. പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള ചെമ്മീൻ ഷെഡിന് തീയിട്ട കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ പയ്യന്നൂർ ഇൻസ്പെക്ടർ സി. ബിനുവിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. പയ്യന്നൂർ ഡിവൈ.എസ്.പി പി.എൽ. ഷൈജുവിനാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല.
ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് ഷെഡ് പൂർണ്ണമായും കത്തിയമർന്നത്. അടുത്ത ദിവസം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച വിവരം അറിയുന്നത്. ഷെഡിലുണ്ടായിരുന്ന വലകളും ചെമ്മീൻ തീറ്റയും ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ ചാമ്പലായി. സംഭവത്തിന് പിന്നിൽ നാടൻ ബോംബ് എറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും, മുൻ എം.എൽ.എ ടി.ഐ. മധുസൂദനന്റെ അറിവോടെ പ്രാദേശിക സി.പി.എം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും പുരുഷോത്തമൻ കുറ്റപ്പെടുത്തി.
എന്നാൽ ആരോപണങ്ങൾ പാടെ തള്ളിയ ടി.ഐ. മധുസൂദനൻ, കുഞ്ഞികൃഷ്ണനും സംഘവും തനിക്കെതിരെ മനപ്പൂർവ്വം വ്യാജപ്രചാരണം നടത്തുകയാണെന്ന് സോഷ്യൽ മീഡിയ വഴി പ്രതികരിച്ചു. മുൻപും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുരുഷോത്തമന്റെ വീടിനും വാഹനത്തിനും നേരെ സമാനമായ രീതിയിൽ ആക്രമണമുണ്ടാവുകയും അന്ന് അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.









