വരകളിലെ നമ്പൂതിരി ഇനി ഇല്ല – ഹാസ്യം വിമർശന ഫലകങ്ങളാക്കുവാനും ഐതിഹാസിക ജീവനുകൾക്ക് തനതായ ഒരു കാരിക്കേച്ചർ നിമിഷങ്ങൾക്കകം വരച്ചെടുക്കാനുമുള്ള അനിതരസാധാരണമായ ഒരു കഴിവ് കരുവാട്ട് മന വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരിക്ക് ഉണ്ടായിരുന്നു – ഒരു കാലഘട്ടത്തിലെ പ്രമുഖ രചനകളില്ലെല്ലാം കാരികേച്ചറുകൾ കോറിയിട്ട് ആ കൈകൾ വരയുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു – നമ്പൂതിരി എന്ന പേരിൽ ഒരു മേൽവിലാസം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു – തകഴിയുടെയും , MT യുടെയും കേശവദേവിന്റെയും ഇടശ്ശേരിയുടെയും ഉറൂബിന്റെയും എസ് കെ പൊറ്റക്കാടിന്റെയും വി കെ എന്നിന്റെയും ചിന്താശകലങ്ങളിൽ നമ്പൂതിരിക്ക് ഓരോ രൂപങ്ങൾ ചേർക്കാൻ ഉണ്ടായിരുന്നു – അതായിരുന്നു വായനക്കാർക്ക് കഥപാത്രമായി / പശ്ചാത്തലമായി പല രചനകളിലും പ്രത്യക്ഷപ്പെട്ടത് – വരിക്കാശ്ശേരി മന കൃഷ്ണൻ നമ്പൂതിരിയുടെ സഹായത്തോടെ മദ്രാസിലെ ഗവൺമെന്റ് ഫൈൻ ആർട്സ് കോളേജിൽ തുടങ്ങിയ കലാജീവിതം എല്ലാ കാലത്തും ശോഭിച്ചു – പ്രശസ്തരായ ദേബി പ്രസാദ് റോയ് ചൗധരി , ട ധനപാൽ എന്നിവരുടെ ശിക്ഷണം ലഭിച്ച അദ്ദേഹത്തിന് KCS പണിക്കരുടെ ചോളമണ്ഡല ആർട്സ് വില്ലേജിലുള്ള 6 വർഷത്തെ പഠനവും പ്രാക്ടീസും വരകളിൽ സ്വന്തം വ്യക്തിത്വമുണ്ടാക്കുന്നതിൽ വളരെ സ്വാധീനം ചെലുത്തി – പിന്നീട് മാതൃഭൂമിയിൽ ചേർന്ന നമ്പൂതിരി ചരിത്രങ്ങൾക്കും ഇതിഹാസങ്ങൾക്കും സ്വന്തം ഭാവനകളിലൂടെ ചിറക് നൽകി കാലത്തിന്റെ മാറ്റങ്ങൾ കാരിക്കേച്ചറാക്കി – നമ്പൂതിരിയുടെ വര ഇല്ലാതെ മാതൃഭൂമി ആഴ്ചപതിപ്പ് ഒരു കാലത്ത് ഇറക്കാറില്ലായിരുന്നു – പിന്നീട് കലാ കൗമുദിയിലും സമകാലികം വാരികയും ശോഭിച്ച രചനകൾ ഓരോ കാലത്തിന്റെയും സാഹിത്യ ചിന്തകളുടെ രൂപമായി – നാണി അമ്മയും ലോകവും എന്ന പോക്കറ്റ് കാർട്ടൂൺ സീരീസ് വളരെ പ്രശസ്തമായിരുന്നു – എഴുത്തിന് താഴെ നമ്പൂതിരി എന്ന ഒപ്പ് മാത്രം മതിയായിരുന്നു ഒരു വര വരെ മതിപ്പുളവാക്കാൻ – അത്രമേൽ വായനക്കാരിൽ അദ്ദേഹത്തിന് സംവദിക്കാൻ വരകളിലൂടെ സാധിച്ചു. 1980 കളിലെ കേരള കലാ ലോകത്തിന്റെ സുവർണ്ണ കാലഘട്ടത്തിലെ ആവിഷ്ക്കാരങ്ങളിലൂടെ ആർട്ടിസ്റ്റ് നമ്പൂതിരി പ്രസക്തമായി – 1960 കളിൽ തന്റെ പ്രൊഫഷണൽ കലാജീവിതമാരംഭിച്ച ഈ മലപ്പുറത്ത് കാരന് അന്ത്യം വരെ എല്ലാ കാലത്തും ആദരിക്കപ്പെട്ടിരുന്നു – കേരള ലളിതകലാ അക്കാദമി ചെയർമാനായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരിക്ക് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന അവാർഡ് 1974 ൽ ലഭിച്ചിരുന്നു – കേരള സംസ്ഥാന ബാലസാഹിത്യ അവാർഡ് അദ്ദേഹത്തിന്റെ കുട്ടികളുടെ രാമായണമെന്ന രചനയ്ക്ക് ലഭിക്കുകയുണ്ടായി – മികച്ച വരയ്ക്ക് പൊൻതൂവലായി ഒടുവിൽ രാജാ രവിവർമ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു – കുട്ടിക്കാലം മുതൽ മനസ്സിൽ പതിഞ്ഞിരുന്ന ശുകപുരം ക്ഷേത്ര ചുമരുകളിലെ ചിത്രങ്ങളുടെ സ്വാധീനം അദ്ദേഹത്തിന്റെ വരകളിൽ എല്ലാ കാലത്തും സ്വന്തമായ ഒരു ശൈലി രൂപപ്പെടുത്തുന്നതിന് സഹായമായി എന്ന് അദ്ദേഹം തന്നെ പലപ്പോഴും സൂചിപ്പിച്ചിരുന്നു – വരയും വാക്കും, നമ്പൂതിരിയുടെ സ്ത്രീകൾ എന്നു രണ്ട് പുസ്തകങ്ങൾ അദ്ദേഹത്തെ കുറിച്ച് ശ്രീ N P വിജയ കൃഷ്ണൻ രചിച്ചിരുന്നു – നമ്പൂതിരി വരയുടെ കുലപതി എന്ന ഒരു ഡോകുമെന്ററി അദ്ദേഹത്തിന്റെ ഐതിഹാസിക രചനാജീവിതം വീണ്ടും പ്രേക്ഷകരിലെത്തിച്ചു – കാഞ്ചനസീത എന്ന സിനിമയിൽ കലാ സംവിധായകനായ അദ്ദേഹത്തിന്റെ വ്യുൽപത്തി P പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന കാൽപ നീക ചലച്ചിത്രത്തിന് വ്യത്യസ്തമായ രൂപഭംഗി പകർന്നു – പിന്നീട് താമ്രപാളികളിൽ വരെ ശോഭിച്ച ആ വരകൾ എല്ലാകാലത്തും പ്രൗഢ ഗംഭീരമായിരുന്നു – ആ കലാകാരന്റെ പാദമുദ്രകൾ ഐതിഹാസികമായിരുന്നു