വിവാഹമണ്ഡപത്തിലേക്ക് മകളുടെ കൈപിടിച്ച് ആര്യയെത്തി… താലി ചാർത്തി സിബിൻ

ബിഗ് ബോസ് മലയാളം താരങ്ങളായ ആര്യയും സിബിനും വിവാഹിതരായി. ആര്യയുടേയും സിബിന്റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇന്നലെ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ആര്യയുടേയും സിബിന്റേയും രണ്ടാം വിവാഹമാണിത്. ആര്യ തന്റെ ആദ്യ വിവാഹത്തിലെ മകളായ ഖുശിയുടെ കൈപിടിച്ചാണ് വിവാഹമണ്ഡപത്തിലേക്ക് കാലെടുത്ത് വെച്ചത്.

ഇതിന്റെ ചിത്രങ്ങൾ ആര്യ തന്നെ പങ്ക് വെച്ചിട്ടുണ്ട്. സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്പോഴും വേദിയിൽ നിറചിരിയുമായി 12 കാരിയായ ഖുശി കൂടെയുണ്ടായിരുന്നു. ‘സ്‌നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’ എന്ന ക്യാപ്ഷനോടെയാണ് വിവാഹചിത്രങ്ങൾ ആര്യ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. നടിമാരായ പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അർച്ചന സുശീലൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ഇരുവർക്കും ആശംസ അറിയിച്ചു. സിബിൻ ക്രിസ്ത്യൻ മതവിശ്വാസിയായതിനാൽ തന്നെ വൈകാതെ ക്രിസ്ത്യൻ ആചാര പ്രകാരവും വിവാഹം ഉണ്ടാകും. സ്വന്തം സാരി ബ്രാന്റായ കാഞ്ചീവരത്തിൽ നിന്നുള്ള സാരിയായിരുന്നു ആര്യ വിവാഹ ദിവസം ധരിച്ചത്. ഗോൾഡൺ നിറത്തിലുള്ള സാരിയോടൊപ്പം ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായിരുന്നു ആര്യ. ഇളം വയലറ്റ് നിറത്തിലുള്ള മുണ്ടും കുർത്തയും ഷാളുമായിരുന്നു സിബിന്റെ വേഷം. ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹം പോലെ വിവാഹനിശ്ചയവും വളരെ സ്വകാര്യമായി വേണ്ടപ്പെട്ടവരെ മാത്രം ഉൾക്കൊള്ളിച്ചാണ് ആര്യയും സിബിനും നടത്തിയത്. വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. പിന്നീട് ഇരുവരുടേയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു. ആദ്യ വിവാഹത്തിൽ സിബിന് ഒരു മകനുണ്ട്. നടി, അവതാരക, സംരഭക എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ആളാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് മലയാളം സീസൺ 2 വിലെ മത്സരാർത്ഥിയായിരുന്നു. 22-ഓളം സിനിമകളിലും അഭിനയിച്ചിട്ടുള്ള ആര്യ 2019 ൽ ആണ് ആദ്യബന്ധം വേർപെടുത്തിയത്. ഡിജെയും കൊറിയോഗ്രാഫറുമായ സിബിനും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു.ബിഗ് ബോസ് സീസൺ ആറിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു സിബിൻ ബെഞ്ചമിൻ എത്തിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയേറ്റിയ ഗെയിമറായി സിബിൻ മാറിയെങ്കിലും പിന്നീട് മാനസിക സമ്മർദ്ദം കാരണം സ്വയം ഷോയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

Top News from last week.

Latest News

More from this section