മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും 20,000 വോട്ടുകളുടെ ഭൂരിപക്ഷം കടക്കുമെന്നും തനിക്ക് പൂർണ പ്രതീക്ഷയുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. അൻവറിന് പറയാനുള്ളത് അൻവർ പറഞ്ഞു.യുഡിഎഫിന് പറയാനുള്ളത് യുഡിഎഫ് പറഞ്ഞു. ലീഗ് മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം മാത്രമാണ് ലക്ഷ്യമെന്നും പിഎംഎ സലാം വ്യക്തമാക്കി.
പി വി അൻവർ മത്സരിക്കുമോ എന്ന് കാത്തിരുന്ന് കാണാം. എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ മുസ്ലിം ലീഗ് എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ടെന്നും പിഎംഎ സലാം വ്യക്തമാക്കി.
അതേസമയം അൻവർ യുഡിഎഫിന്റെ കൂടെയുണ്ടെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ട്രഷററും, രാജ്യസഭാംഗവുമായ പിവി അബ്ദുൾ വഹാബ് പ്രതികരിച്ചു. അൻവർ വേറെ എവിടെ പോകാനാണെന്നും അൻവറിന്റെ മുന്നണി പ്രവേശനത്തെ പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും പിവി അബ്ദുൾ വഹാബ് കൂട്ടിച്ചേർത്തു.
ജൂൺ 19നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ്. ജൂൺ 23 ന് വോട്ടെണ്ണും. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.






