തിരുവനന്തപുരം : ഓണറേറിയം വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം നൂറാം ദിനത്തിലേക്ക്. 100 ദിവസം പൂർത്തിയാകുന്ന ഇന്ന് സമരവേദിയിൽ 100 തീപ്പന്തങ്ങൾ ഉയർത്തും. രാപ്പകൽ സമരയാത്ര 16-ാം ദിനത്തിലേക്ക് കടന്നു. അതേസമയം സമരത്തെ സർക്കാർ അവഗണിക്കുകയാണ്.
സർക്കാർ ആഘോഷത്തോടെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശ സമരം നൂറ് നാൾ പിന്നിടുന്നത്. സമരത്തിനു പിന്തുണ തേടി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ‘രാപകൽ സമരയാത്ര’ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കി.
ഓണറേറിയം വർധിപ്പിക്കുക, അത് എല്ലാ മാസവും 5ന് അകം നൽകുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംസ്ഥാന സർക്കാർ നൽകുന്ന ഓണറേറിയം എഴായിരം രൂപയിൽനിന്ന് 21000 ആയി ഉയർത്തുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്.
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കൽ സമരം, നിയമസഭാ മാർച്ച്, സാംസ്‌കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, കേരളമാകെ നീണ്ടുനിൽക്കുന്ന രാപ്പകൽ സമരയാത്ര തുടങ്ങിയ വ്യത്യസ്ത രീതികളിലൂടെയാണ് സമരം മുന്നേറുന്നത്.









