1,000 രൂപയുടെ ഓണറേറിയം വര്‍ധന തുച്ഛമെന്ന്; ആശാവര്‍ക്കര്‍മാര്‍ സമരം തുടരും

തിരുവനന്തപുരം: സര്‍ക്കാര്‍ 1,000 രൂപ ഓണറേറിയം വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും അയയാതെ ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. ഓണറേറിയം വര്‍ധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം തുടരാനാണ് നിലവിലെ സംഘടനയുടെ തീരുമാനം. സംഘടന വിളിച്ചു ചേര്‍ത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. ഭാവി സമരപരിപാടികള്‍ ആലോചിക്കാനാണ് സമര സമിതിയുടെ യോഗം. ഓണറേറിയം 21,000 രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്തു നിന്നാണ് 1,000 രൂപയുടെ വര്‍ധനവ് ആശമാര്‍ക്ക് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 33 രൂപയുടെ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇത് മിനിമം കൂലിയെന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശമാര്‍ പറയുന്നു. ഫെബ്രുവരി 10ന് ആരംഭിച്ച സെക്രട്ടേറിയേറ്റിനു മുന്നിലെ സമരം ഇന്ന് 264ാം ദിവസമാണ്. ജനപ്രീയ ബജറ്റുകളെ തോല്‍പ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. 1,000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ആദ്യ പ്രതികരണം. വിരമിക്കല്‍ അനുകൂലമായി അഞ്ചുലക്ഷം രൂപ നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം ഇത് സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം തുടരാനുള്ള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നിലവിലെ തീരുമാനം.

Top News from last week.

Latest News

More from this section