നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തീകരിച്ചു

2026ലെ കേരള നിയമസഭ പൊതു തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന കണ്ണൂർ ജില്ലയിൽ പൂർത്തീകരിച്ചു. കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഇ വി എം / വി വി പാറ്റ് വെയർഹൗസിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജനുവരി മൂന്ന് മുതൽ 22 വരെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻ്റെ 11 എഞ്ചിനീയർമാരാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തീകരിച്ചത്. ഇതിനു ശേഷം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ മോക് പോൾ ചെയ്ത് മെഷീനുകളുടെ പ്രവർത്തനക്ഷമത ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ 11 നിയമസഭാ മണ്ഡലങ്ങളിലെ 2177 ബൂത്തുകളിലേക്ക് വോട്ടിങ്ങിനായി 2721 ബാലറ്റ് യൂണിറ്റുകൾ, 2721 കൺട്രോൾ യൂണിറ്റുകൾ, 2939 വി വി പാറ്റുകൾ എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂർത്തിയായിട്ടുള്ളത്. ജനുവരി 21, 22 തീയതികളിലായി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണിവരെ അഞ്ചു ശതമാനം മെഷീനുകളിലാണ് മോക് പോൾ നടത്തി കൃത്യത ഉറപ്പ് വരുത്തിയത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ രമേശൻ , എം ഗംഗാധരൻ, കെ വത്സൻ, ജോൺസൻ പി തോമസ്, കെ നസീർ എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തിരഞ്ഞെടുത്ത 28 മെഷീനുകളിൽ 1200 വോട്ടുകളും 55 മെഷീനുകളിൽ 1000 വോട്ടുകളും 55 മെഷീനുകളിൽ 500 വോട്ടുകളും ചെയ്താണ് മെഷീനുകളുടെ കൃത്യത ഉറപ്പ് വരുത്തിയത്. എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതിന് ശേഷം പോലീസ് സുരക്ഷയിൽ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ സാന്നിധ്യത്തിൽ വെയർ ഹൗസ് സീൽ ചെയ്തു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബിനി കെ കെ , എഫ് എൽ സി സൂപ്പർവൈസർ ജയൻ എ , ജൂനിയർ സൂപ്രണ്ട് സുനിൽകുമാർ പി എന്നിവർ മോക് പോളിന് നേതൃത്വം നൽകി

Top News from last week.

Latest News

More from this section