ബെര്‍ലിന്‍: ദക്ഷിണ ജര്‍മനിയില്‍ ട്രെയിന്‍ പാളംതെറ്റി മൂന്നു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്‌ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേര്‍ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം അന്വേഷിക്കുകയാണെന്ന് ഫെഡറല്‍, പ്രാദേശിക പോലീസ് അറിയിച്ചു.
ഫയര്‍ ഫോഴ്‌സും പോലീസും ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവത്തനം പുരോഗമിക്കുകയാണ്. ഏറ്റവുമടുത്ത സ്റ്റേഷനില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെവച്ചാണ് അപകടമുണ്ടായത്. രണ്ട് ബോഗികളാണ് പൂര്‍ണമായി മറിഞ്ഞത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. മണ്ണിടിച്ചിലാകാം അപകടകാരണമെന്ന നിഗമനമുണ്ട്.
പ്രദേശത്ത് മുന്‍പ് കൊടുങ്കാറ്റ് വീശിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലും ആണോ അപകടത്തിന് പിന്നിലെന്ന് അധികൃതര്‍ അന്വേഷിക്കുകയാണ്. ട്രെയിന്‍ പാളത്തില്‍ നിന്ന് മാറി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 6:10 ഓടെയാണ് അപകടം നടന്നത്. കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ പ്രദേശത്താണ് അപകടമുണ്ടായത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ജര്‍മനിയിലെ പ്രധാന റെയില്‍വേ ഓപ്പറേറ്റര്‍ പ്രതികരിച്ചു. ട്രെയിനില്‍ നൂറിലേറെ യാത്രക്കാരുണ്ടായിരുന്നെന്ന റിപ്പോര്‍ട്ട് ഉണ്ടെങ്കിലും . പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.




