ആരാധനാലയത്തിന് നേരെ ഭീകരാക്രമണ നീക്കം: കുവൈത്തിൽ ഐഎസ് ബന്ധമുള്ള രണ്ട് കൗമാരക്കാർ പിടിയിൽ


കുവൈത്ത് സിറ്റി: രാജ്യത്തെ പ്രമുഖ ആരാധനാലയം ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്തവരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ രഹസ്യ നിരീക്ഷണങ്ങൾക്കും കൃത്യമായ അന്വേഷണങ്ങൾക്കുമൊടുവിലാണ് പ്രതികൾ പിടിയിലായത്. ഇവർക്ക് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു.

പിടിയിലായവർ ഐഎസ് പ്രവർത്തകരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാലയത്തിൽ വൻ ആക്രമണം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാതാപിതാക്കൾക്ക് ആഭ്യന്തര മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. കുട്ടികൾ ഇൻ്റർനെറ്റിലും സോഷ്യൽ മീഡിയയിലും സമയം ചെലവഴിക്കുമ്പോൾ കൃത്യമായ നിരീക്ഷണം വേണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. തീവ്രവാദ ആശയങ്ങളുടെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനും വീടുകളിൽ ആവശ്യമായ മേൽനോട്ടം ഉറപ്പാക്കാനും അധികൃതർ അഭ്യർത്ഥിച്ചു.









