ശബരിമല: ശബരിമല തീർഥാടനം ആയാസ രഹിതമാക്കാനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വലിയ തോതിൽ ഇടപെടൽ ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോർഡ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അയ്യപ്പസംഗമം സംഘടിപ്പിക്കുന്നു എന്ന് ചോദിക്കുന്നവരോട് മാറുന്ന കാലത്തിനുസരിച്ച് തീർഥാടക പ്രവാഹം വർധിക്കുമ്പോൾ അത് ആവശ്യപ്പെടുന്ന രീതിയിൽ ഉയർന്ന് ചിന്തിക്കണം എന്നാണ് മറുപടിയെന്ന് പിണറായി പറഞ്ഞു. അയ്യപ്പസംഗമം തടയാൻ ചിലർ കോടതിയിൽ വരെ പോയി എന്നത് ഖേദകരമാണ്. അയ്യപ്പനോടുള്ള ഭക്തിയോ വനപരിപാലനത്തോടുള്ള താത്പര്യമോ, വിശ്വാസപരമായ ശുദ്ധിയോ ഒന്നുമല്ല അവരെ ഇതിന് പ്രേരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ തത്പരനായിരുന്നെങ്കിലും മറ്റ് അസൗകര്യങ്ങൾ കാരണമാണ് തമിഴ്നാട് മുഖ്യമന്ത്രി ആഗോള അയ്യപ്പസംഗമത്തിന് എത്താതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രമുണ്ട്. അതിന്റെതായ ഐതിഹ്യങ്ങളുമുണ്ട്. അതാവട്ടെ സമൂഹത്തിലെ ഏറ്റവും അധസ്ഥിതരെന്ന് കരുതപ്പെടുന്നവരുമായി ബന്ധപ്പെട്ടതാണ്. ശബരി ഒരു തപസ്വിനി ആയിരുന്നു. ഗോത്ര സമൂഹത്തിൽ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണൻമാർ ആ വഴി വരുന്നത് കാത്തിരുന്ന ആ ശബരിയുടെ പേരിലാണ് ആ സ്ഥലം തന്നെ അറിയപ്പെട്ടത്. അതാണ് ശബരിമലയുടെ ഐതിഹ്യം. ശബരിമല വേർതിരിവവുകൾക്കും ഭേദചിന്തകൾക്കും അതീതമായ മതാതീതിയ ആത്മീയതയെ ഉദ്ഘോഷിക്കുന്ന എല്ലാമനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധാനാലയമാണ്. അതുകൊണ്ട് തന്നെ ഈ ആരാധാനലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തൻമാർ ലോകമമെമ്പാടും ഉണ്ട്. അതുകൊണ്ടാണ് അയ്യപ്പസംഗമത്തിന് ആഗോള സ്വഭാവം വരുന്നത്.
നേരത്തെ കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ് ഭക്തർ എത്തിയതെങ്കിൽ പിന്നീട് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് തീർഥാടകരുടെ പ്രവാഹം തന്നെയുണ്ടായി. ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നായി ആളുകളാണ് എത്തുന്നത്. ഭക്തജനസാഗരമാണ് ശബരിമലയിൽ എത്തുന്നത്. തീർഥാടനം ആയാസ രഹിതമാക്കാനും കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വലിയ തോതിൽ ഇടപെടൽ ഉണ്ടാവണം. ഈ ബോധ്യത്തോടെയാണ് ദേവസ്വം ബോർഡ് ഇങ്ങനെ ഒരുപരിപാടി സംഘടിപ്പിച്ചത്. തീർഥാടകർക്ക് എന്താണ് വേണ്ടത് അത് സർക്കാരോ ദേവസ്വം ബോർഡ് ഏകപക്ഷീയമായി സങ്കൽപ്പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളിൽ നിന്നുതന്നെ നേരിട്ട് മനസിലാക്കി വേണ്ടത് ചെയ്യുകയാണ് ആവശ്യം. അതിന്കൂടി ഉദ്ദേശിക്കപ്പെട്ടതാണ് ഈ ഭക്തജനസംഗമം. ഇതിനോട് അയ്യപ്പഭക്തൻമാർ സർവാത്മനാ സഹകരിക്കുന്നത് സന്തോഷമാണ്.
യഥാർഥ ഭക്തർക്കേ ഇങ്ങനെയേ ചെയ്യാൻ കഴിയൂ. ഭക്തി കേവലലമൊരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാവാം, താത്പര്യമുണ്ടാവും. അത് മുൻനിർത്തി അവർ ഭക്തജനസംഗമം തടയാൻ എല്ലാവിധ പരിശ്രമങ്ങളും നടത്തി നോക്കി. അത് നമുക്ക് ബാധകമല്ല. ആ വഴിക്കുള്ള ശ്രമങ്ങളെ സുപ്രീം കോടതി വിലക്കി എന്നത് ആശ്വാസകരമാണ്. യഥാർഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല. ഭഗവദ് ഗീത തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ലക്ഷണങ്ങൾ ഗീതയുടെ പന്ത്രണ്ടാം അധ്യായത്തിൽ പറയുന്നുണ്ട്. ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയ ഉള്ളവനും സുഖദുഖങ്ങളിൽ ഭാവഭേദമില്ലാത്തവനും എന്തും സഹിക്കുന്നവനും ആയിരിക്കും ഭക്തൻ എന്നതാണ് ആ ഗീതാ നിർവചനം. അതിന് നിരക്കുന്ന ഭക്തിയുള്ളവരാണ് ഇവിടെ കൂടിചേർന്നിരിക്കുന്നത്.
തീർത്തും മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയിൽ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം. ഓരോ മതവും വിശ്വാസപ്രമാണവും തങ്ങളുടെതായ ആരാധാനലയങ്ങളും അനുബന്ധ രീതികളും പിന്തടുരുമ്പോൾ എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണ് ശബരിമല. തത്വമസിയുടെ പൊരുൾ അത് നീ തന്നെയെന്നതാണ്. ഞാനും നീയും ഒന്നാകുന്നു എന്നുപറയുമ്പോൽ അന്യരില്ല എന്നാണ് അർഥം. അന്യരിലേക്ക് കൂടി ഞാനെന്ന സങ്കൽപം ചേർന്ന് നിൽക്കുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുകയാണ്. അത് തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്ററാണ്. അത് പാടിയതാകട്ടെ ജന്മം കൊണ്ട് ക്രൈസ്തവനായ യേശുദാസുമാണ്. സന്നിധാനത്തിലേക്കുള്ള യാത്രമധ്യേ തൊഴുതുനീങ്ങുന്നത് വാവർ നടയിലുടെയാണ്. വാവർ ആകട്ടെ ഇസ്ലാമാണ്. ക്രൈസ്തദേവലായ അർത്തുങ്കൽ പള്ളിയിലും യാത്രമധ്യേ അയ്യപ്പഭക്തർ കാണിക്കയിടുന്നു. അങ്ങനെ സർവധർമസമഭാവനയുടെ പ്രതീകമായി നിൽക്കുന്ന ദേവാലയം എത്രയെണ്ണമുണ്ട് ലോകത്തിൽ. ശബരിമലയുടെ മതാതീതമായ ആത്മീയത അത്യൂപൂർവതയാണ്. ഇത് ലോകത്തിന് മുന്നിൽ കൊണ്ടുവരിക പ്രധാനമാണ്. അതിനുതകും വിധം ആഗോള അയ്യപ്പഭക്തരെ ആകർഷിക്കാൻ കഴിയണം. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തണം. മധുരയുടെയും തിരുപ്പതിയുടെയു മാതൃകയിൽ ശബരിമലയെയും തീർഥാടകഭൂപടത്തിൽ ശ്രദ്ധേയകേന്ദ്രമാക്കി അവതരിപ്പിക്കുകയെന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
ലോകത്ത് എവിടെ നിന്നുമുള്ള അയ്യപ്പഭക്തർക്ക് ശബരിമലയിൽ എത്തിച്ചേരുന്നതിനും ദർശനം നടത്തി സുരക്ഷിതമായി മടങ്ങുന്നതിനും ആവശ്യമായ സംവിധാനങ്ങൾ വിപുലപ്പെടുത്തണം. അതിനുവേണ്ടത് ബഹുമുഖമായ ഇടപെടലുകളാണ്. നൂതന ഗതാഗത സൗകര്യങ്ങൾ ഒരുങ്ങണം. ഭാഷാഭേദമന്യേ അയ്യപ്പഭകതർക്ക് വിവരം ലഭ്യമാക്കാനും രജിസ്ട്രേഷൻ ചെയ്യുന്നതിന് ഹെൽപ് ഡെസ്‌കുകളും പോർട്ടലുകളും വേണം. ദേവസ്വം ബോർഡും സർക്കാരും ശ്രദ്ധവെക്കുമ്പോൾ അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരുണ്ടാകാം. അത് ശബരിമലയുടെ താത്പര്യത്തിനും ഭക്തജനങ്ങളുടെ താത്പര്യത്തിനുമല്ല. ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുകൊടുത്ത് സർക്കാർ പിൻമാറണമെന്ന വാദം ചിലർ പറയുന്നുണ്ട്. വിശ്വാസികളുടെ കൈയിലായിരുന്നല്ലോ പണ്ട് ക്ഷേത്രം ഉണ്ടായത്. ആരും നോക്കാനില്ലാതെ അതൊക്ക മിക്കവാറും നശിക്കുന്ന നില വന്നപ്പോഴാണ് ദേവസ്വം ബോർഡ് വേണണെന്ന ആവശ്യം വിശ്വാസി സമൂഹത്തിൽ നിന്ന് ഉണ്ടായത്. അതോടെ നിരവധി ക്ഷേത്രങ്ങളാണ് ഉദ്ധരിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.









