അഴീക്കോടൻ മന്ദിരം ഉദ്ഘാടനം മഹാ സംഗമമാകും 20 ന് കലക്ട്രേറ്റ് മൈതാനിയിൽ

എന്റമ്മോ…. കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവ് വയക്കാടി ബാലകൃഷ്ണന് ആദരാഞ്ജലിയർപ്പിക്കാൻ നിരവധി പ്രവർത്തകരെത്തിയിരുന്നു. ഏരിയ കമ്മിറ്റി ഓഫീസിനു തൊട്ടു മുന്നിലുള്ള പുനർ നിർമാണം പൂർത്തിയായ അഴീക്കോടൻ മന്ദിരത്തിന്റെ എടുപ്പു കണ്ടവരിൽ ചിലരുടെ ആശ്ചര്യത്തോടെയുള്ള പ്രതികരണമായിരുന്നു ഇത്. 20ന് തിങ്കളാഴ്ച്ചയാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ മന്ദിരത്തിന്റെ ഉദ്ഘാടനം. ജില്ലാ സെക്രട്ടറി കെ.കെ.രാകേഷിന് ഇത് അഭിമാന നിമിഷങ്ങൾ. താൻ സെക്രട്ടറിയായിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ഓഫീസുണ്ടാക്കിയെന്നതിൽ രാകേഷിന് തീർച്ചയായും അഭിമാനിക്കാം. റെക്കോഡ് വേഗത്തിലാണ് പണി പൂർത്തിയാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. അദ്ധ്യക്ഷൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്.
•ഓഫീസ് സൗകര്യങ്ങൾ, എ.കെ.ജി. ഹാൾ, ചടയൻ ഹാൾ, പാട്യം പഠന ഗവേഷണകേന്ദ്രം തുടങ്ങിയവ കെട്ടിടത്തിലുണ്ട്.
1972 സെപ്തംബർ 23നാണ് അഴീക്കോടൻ രാഘവൻ കൊല്ലപ്പെടുന്നത്.
ഒരു വർഷത്തിന് ശേഷം 1973 ഡിസംബർ 5ന് അഴീക്കോടൻ സ്മാരക മന്ദിരം തളാപ്പിൽ പ്രവർത്തനമാരംഭിച്ചു. എ.കെ.ഗോപാലനായിരുന്നു അന്നത്തെ ഉദ്ഘാടകൻ. അധ്യക്ഷൻ ഇ.എം.എസ് നമ്പൂതിരിപ്പാടും.
സ്വകാര്യവ്യക്തിയിൽ നിന്ന് വിലയ്ക്ക് വാങ്ങിയ കെട്ടിടത്തിന് അന്ന് തന്നെ 52 വർഷം പഴക്കമുണ്ടായിരുന്നു.
എ.കെ.ജി യുടെ സ്മരണയ്ക്കായി എ.കെ.ജി സ്മാരക ഹാൾ പിന്നീട് നിർമിച്ചു. 1980 മാർച്ച് 22 ന് എ.വി. കുഞ്ഞമ്പുവാണി ത് ഉദ്ഘാടനം ചെയ്തത്.അധ്യക്ഷൻ പിണറായി വിജയനായിരുന്നു.
ചടയൻ ഗോവിന്ദൻ സ്മാരക മന്ദിരം 2000 മാർച്ച് 19 ന് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ജയരാജനായിരുന്നു അധ്യക്ഷൻ.
ഒരു നൂറ്റാണ്ടിലേറെ പഴക്കംചെന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്നു വീഴുകയും ചോർന്നൊലിക്കുകയും ചെയ്തതോടെയാണ് പുനർ നിർമാണമെന്ന തീരുമാനമുണ്ടായത്.

കഴിഞ്ഞ വർഷം ഫെബ്രുവരി 24 ന് പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം പിണറായി വിജയൻ നിർവ്വഹിച്ചു. 20 മാസം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂർത്തികരിച്ചത്.
പഴയ കെട്ടിടത്തിന്റെ മാതൃകയിൽ പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന തടി ഉപയോഗിച്ചായിരുന്നു നിർമാണം.
അഞ്ചു നില കെട്ടിടമാണിത് . 500 പേർക്ക് ഇരിക്കാവുന്നതാണ് എ.കെ.ജി. ഹാൾ.
വിവിധ യോഗങ്ങൾക്ക് കോൺഫറൻസ് ഹാളുമുണ്ട്.
ജില്ലാ കമ്മിറ്റി യോഗ ഹാളും സെക്രട്ടറിയേറ്റ് മീറ്റിംഗ് ഹാളുമുണ്ട്.
പാട്യം പഠന ഗവേഷണ കേന്ദ്രം,ലൈബ്രറി,
പ്രസ്സ് കോൺഫറൻസ് ഹാൾ ,
സോഷ്യൽമീഡിയ റൂം എന്നിവയുമുണ്ട്.
നിർമ്മാണഫണ്ട് പാർട്ടി അംഗങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും പിരിക്കുകയായിരുന്നു.
കണ്ണൂർ പാർട്ടി ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാർട്ടിയാണ്.
18 ഏരിയ കമ്മിറ്റികളും 249 ലോക്കൽ കമ്മിറ്റികളും 4421 ബ്രാഞ്ചുകളുമുണ്ട്. 65466 പാർട്ടി മെമ്പർഷിപ്പുണ്ട്. 26322 അനുഭാവി ഗ്രൂപ്പ് അംഗങ്ങളും.
ഈ അംഗങ്ങൾ നൽകിയ സംഭാവനയായ 500 രൂപ മുതൽ ഉയർന്ന തുകകളാണ് നിർമാണത്തിനുപയോഗിച്ചത്.കമ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റു പാർട്ടിക്കു വേണ്ടി ഉണ്ടാക്കിയ ഓഫീസ്
ഉദ്ഘാടന പരിപാടി കമ്മ്യൂണിസ്റ്റ് – തൊഴിലാളി മഹാസംഗമമാക്കാനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വൈകുന്നേരം 4 മണിക്കാണ് ഉദ്ഘാടനച്ചടങ്ങകൾ.
സംഭാവന നൽകിയ പാർട്ടി മെമ്പർമാരെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി ക്ഷണിക്കുന്നുണ്ട്.
പഴയകാല നേതാക്കളും ഇവരുടെ – കുടുംബാംഗങ്ങളുമുണ്ടാകും.ഏരിയ കമ്മിറ്റി അംഗങ്ങൾ വരെയുള്ളർ,
അടിയന്തിരാവസ്ഥ പീഡിതർ ,
കൊടിയ മർദ്ദനവും ആക്രമണം ഏറ്റുവാങ്ങേണ്ടി വന്നവർ ,
രക്തസാക്ഷി കുടുംബങ്ങൾ
വിവിധ കേസുകളിൽ ജയിലിൽ കിടക്കുന്നവരുടെ ബന്ധുക്കൾ തുടങ്ങിയവരെ നേരിൽ ക്ഷണിക്കുന്നുണ്ട്.
ഏതായാലും സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂരിൽ സി.പി.എമ്മിന്റെ ആസ്ഥാനം പുനർനിർമാണം കഴിഞ്ഞ് ഉദ്ഘാടനമാകുമ്പോൾ അഭിമാന മുഹൂർത്തമാണുണ്ടാകുന്നത്.

Top News from last week.