ദില്ലി: ഹിന്ദുക്കളെ മതം മാറ്റുന്നവരെ മര്‍ദിക്കുന്നത് ഇനിയും തുടരുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശര്‍മ പറഞ്ഞു. ഞാന്‍ എല്ലാവരെയും മര്‍ദിച്ചിട്ടില്ലെന്നും മത പരിവര്‍ത്തനം നടത്തിയവരെ ആണ് മര്‍ദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആധാര്‍ കാര്‍ഡിലെ പേര്, നെറ്റിയില്‍ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവര്‍ത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിന്റെ മാത്രമല്ല, ഹിന്ദു ധര്‍മ പ്രവര്‍ത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും കൈയില്‍ ഉണ്ടെന്നും ജ്യോതി ശര്‍മ പറഞ്ഞു. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മര്‍ദിക്കുമെന്നും ജ്യോതി ശര്‍മ പറഞ്ഞു.
താനും പ്രവര്‍ത്തകരും ആണ് പരാതി നല്‍കിയത്. സ്റ്റേഷനില്‍ ഞാന്‍ ആരെയും മര്‍ദിച്ചിട്ടില്ല. സ്റ്റേഷനില്‍ ഹലെലൂയ വിളിച്ചു അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരും. ആവശ്യമെങ്കില്‍ മര്‍ദിക്കും. താന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും പൊലീസ് തന്റെ കൂടെയില്ലെന്നും ജ്യോതി ശര്‍മ പറഞ്ഞു.









