ബജ്റംഗ്ദൾ പ്രവർത്തിക്കുന്നത് ഹിന്ദു ധർമ്മത്തിനായി; കന്യാസ്ത്രീകൾക്ക് എതിരായ കേസുമായി മുന്നോട്ടുപോകും’

റായ്പൂർ: ജയിൽമോചിതരായ കന്യാസ്ത്രീകൾക്കെതിരായ കേസുമായി ബജ്റംഗ്ദൾമുന്നോട്ടുപോകുമെന്ന് ആർഎസ്എസ് ചിന്തകനും മീഡിയാ ഇൻ ചാർജുമായ ഡോ. അനിൽ ദ്വിവേദി. ഹിന്ദു ധർമത്തിനായാണ് ബജ്റംഗ്ദൾ പ്രവർത്തിക്കുന്നത്. ഛത്തീസ്ഗഡിൽ ചില മിഷനറികൾ മതപരിവർത്തനത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നും അനിൽ ദ്വിവേദി പറഞ്ഞു. മതപരിവർത്തനത്തിനും നക്സലിസത്തിനുമെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും അനിൽ റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.
‘കന്യാസ്ത്രീകൾക്ക് ജാമ്യം കൊടുത്തു. അവർ പുറത്തിറങ്ങി. അതിനർത്ഥം കേസ് അവസാനിച്ചു എന്നല്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബജ്റംഗ്ദൾ ഹിന്ദു ധർമത്തിനായാണ് പ്രവർത്തിക്കുന്നത്. മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ പ്രതിഷേധിക്കാനുളള അവകാശം ബജ്റംഗ്ദളിനുണ്ട്.’-അനിൽ ദ്വിവേദി പറഞ്ഞു.
കന്യാസ്ത്രീകൾ നിരപരാധികളാണെന്നും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തി കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ രംഗത്തെത്തിയിരുന്നു. റിപ്പോർട്ടർ ടിവിയോടായിരുന്നു പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. ബജ്‌റംഗ്ദൾ നേതാവ് ജ്യോതി ശർമ്മയുടെ നേതൃത്വത്തിൽ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്നും റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടികൾ പറഞ്ഞിരുന്നു. ‘സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം പോയത്. പാചക ജോലിക്കാണെന്നും സംരക്ഷണം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. മതപരിവർത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ല’- പെൺകുട്ടികൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
‘സത്യം പറയരുതെന്നും താൻ പറയുന്നതേ പറയാവൂ എന്നും ജ്യോതി ശർമ പറഞ്ഞു. പൊലീസും ഭീഷണിപ്പെടുത്തി. വീട്ടിൽ പോകണോ ജയിലിൽ പോകണോ എന്ന് ചോദിച്ചായിരുന്നു ഭീഷണി. ചെറുപ്പം മുതൽ ഞങ്ങൾ ക്രൈസ്തവ വിശ്വാസികളാണ്. മതപരിവർത്തനം ഉണ്ടായിട്ടില്ല. കന്യാസ്ത്രീകൾക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. ജോലി ചെയ്ത് കുടുംബം പോറ്റണം. സംരക്ഷിക്കാം, ജോലി നൽകാം എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞത്. പഠിപ്പിക്കാം എന്നും കന്യാസ്ത്രീകൾ പറഞ്ഞിരുന്നു’-പെൺകുട്ടികൾ പറഞ്ഞു. നാരായൺപൂരിൽ സിപിഐയുടെ സംരക്ഷണയിലാണ് ഇപ്പോൾ ഈ പെൺകുട്ടികൾ ഉള്ളത്.

Top News from last week.

Latest News

More from this section