നിലമ്പൂരിലേക്ക് ബിഡിജെഎസ്; സീറ്റ് വിട്ടൊഴിയാൻ ബിജെപി

 

തിരുവനന്തപുരം: കോൺഗ്രസും സിപിഎമ്മും ഏറെ നിർണായകമായി കരുതുന്ന നിലമ്പൂർ നിയമസഭാ സീറ്റ് ബിജെപി വിട്ടൊഴിഞ്ഞതോടെ സ്ഥാനാർഥിയെ കണ്ടെത്തി മത്സരിക്കാൻ ഒരുങ്ങി ബിഡിജെഎസ്. മണ്ഡല രൂപീകരണത്തിന് ശേഷം 2016ൽ മാത്രമാണ് നിലമ്പൂരിൽ ബിഡിജെഎസ് മത്സരിച്ചത്. ബാക്കി എല്ലാ തവണയും ബിജെപിയാണ് മത്സരിച്ചത്. മികച്ച പ്രകടനമാണ് അന്ന് ബിഡിജെഎസ് കാഴ്ചവച്ചത്. എന്നാൽ 2021ൽ മലപ്പുറത്തെ തവനൂർ ബിഡിജെഎസിനു കൈമാറി ബിജെപി നിലമ്പൂർ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. പക്ഷേ, ബിഡിജെഎസ് 2016ൽ നേടിയ വോട്ടിനേക്കാൾ നാലായിരത്തോളം കുറവു വോട്ടു മാത്രം നേടാൻ കഴിഞ്ഞത് നാണക്കേടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ സീറ്റ് ബിഡിജെഎസിനു തന്നെ നൽകാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. നിലമ്പൂരിൽ താമരചിഹ്നത്തിൽ തന്നെ മത്സരം വേണമെന്ന് കേന്ദ്ര നിർദേശം ഉണ്ടായാൽ നിലപാടിൽ മാറ്റം വരുത്തും. അതേസമയം, വിശദമായ ചർച്ചകൾക്കുശേഷം സ്ഥാനാർഥിയെ തീരുമാനിക്കുമെന്ന് ബിഡിജെഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഗീരീഷ് മേക്കാട് പറഞ്ഞു. നിലമ്പൂരിൽ ബിജെപി മത്സരിക്കേണ്ടെന്ന് ആദ്യഘട്ടത്തിൽ ധാരണയിലെത്തിയിരുന്നു. ഏതാണ്ട് 8000-12000 വോട്ടാണ് മണ്ഡലത്തിൽ ബിജെപിക്കുള്ളത്. തിരഞ്ഞെടുപ്പിൽനിന്ന് എൻഡിഎ സഖ്യം പൂർണമായി മാറിനിൽക്കുന്നത് വോട്ട് മറിക്കാനാണ് എന്ന തരത്തിൽ ആരോപണം ഉയരുമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബിഡിജെഎസിനു സീറ്റ് തിരികെ നൽകാൻ തീരുമാനിച്ചത്. ഏഴു മാസത്തേക്കു മാത്രമായി നിയമസഭാംഗത്തെ കണ്ടെത്താൻ നടക്കുന്ന തിരഞ്ഞെടുപ്പിനു പ്രസക്തിയില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. കഴിഞ്ഞ 5 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു നിലമ്പൂരിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് 2021ൽ ആണ്. കഴിഞ്ഞ തവണ ടി.കെ.അശോക് കുമാറിന് ലഭിച്ചത് 8595 വോട്ടാണ്. എന്നാൽ 2016ൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ച ഗിരീഷ് മേക്കാട് 12,284 വോട്ട് നേടിയിരുന്നു. പി.വി.അൻവർ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി ആദ്യം ജയിച്ചത് 2016ൽ ആണ്. 2021ൽ തവനൂർ ബിഡിജെഎസിനു നൽകി ബിജെപി നിലമ്പൂർ ഏറ്റെടുത്ത് മത്സരിച്ചിട്ടും നാലായിരത്തോളം വോട്ടുകൾ കുറഞ്ഞത് നാണക്കേടായിരുന്നു. കോൺഗ്രസിന്റെ വി.വി.പ്രകാശിനെ 2021ൽ പി.വി.അൻവർ പരാജയപ്പെടുത്തിയത് വെറും 2700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 2011ൽ ബിജെപി സ്ഥാനാർഥി കെ.സി.വേലായുധന് ലഭിച്ചത് 4425 വോട്ടാണ്. അന്നു മണ്ഡലത്തിൽ വിജയിച്ചത് ആര്യാടൻ മുഹമ്മദാണ്.

Top News from last week.

Latest News

More from this section