ചെന്നൈ: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളായ ചെന്നൈ – ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്വേ രണ്ട് സംസ്ഥാനങ്ങളുടെയും ഗതാഗത സംവിധാനത്തെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍. രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഏഴ് മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി കുറയും. ഐടി നഗരങ്ങള്‍ക്കിടയില്‍ യാത്രാ സമയം കുറയുന്നതിനൊപ്പം പാത കടന്നുപോകുന്ന ഭാഗങ്ങളിലെ പ്രാദേശിക വികസനവും സാമ്പത്തിക വളര്‍ച്ചയും സാധ്യമാകും.
262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം ഇരു സംസ്ഥാനങ്ങളിലുമായി പുരോഗമിക്കുകയാണ്. കര്‍ണാടയിലെ പ്രവര്‍ത്തനങ്ങള്‍ അതിവേഗമാണ് പുരോഗമിക്കുന്നത്. പ്രവര്‍ത്തനക്ഷമമായ ചില ഭാഗങ്ങള്‍ കര്‍ണാടകയില്‍ തുറന്നുനല്‍കിക്കഴിഞ്ഞു. 2026 ജൂണില്‍ പദ്ധതി നിര്‍മാണം പൂര്‍ണമായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിര്‍മാണത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.
നിര്‍മാണത്തില്‍ വീണ്ടും തടസ്സം
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ്വേയുടെ തമിഴ്‌നാട്ടിലെ പ്രധാന ഭാഗങ്ങളായ ശ്രീപെരുമ്പുത്തൂരിനടുത്തുള്ള പ്രവൃത്തികള്‍ തടസ്സപ്പെട്ടു. അപ്രതീക്ഷിതമായി പെയ്ത മഴയും ഭൂമി, പരിസ്ഥിതിയുമായി ബന്ധപ്പെട്ട അനുമതികള്‍ ലഭിക്കുന്നതിലെ താമസ്സവുമാണ് തിരിച്ചടിയായത്. പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍ എക്‌സ്പ്രസ് വേയുടെ ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയും.
പ്രതികരിച്ച് മന്ത്രി നിതിന്‍ ഗഡ്കരി
ഗുഡിപാല മുതല്‍ ശ്രീപെരുമ്പുത്തൂര്‍ വരെയുള്ള ഭാഗങ്ങളിലെ നിര്‍മാണം വൈകിയാണ് പുരോഗമിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. മൂന്നാം ഘട്ടം വൈകിയാണ് നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജ്യസഭാംഗം പി വില്‍സണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.








