തിരുവനന്തപുരം: ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വെക്കുന്നതിൽ വിയോജിപ്പറിയിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബ എന്നത് രാഷ്ട്രീയ പാർട്ടിയുടെ ആശയമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ മറുപടി കത്തിൽ ഗവർണർ പറഞ്ഞു.
ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയിൽ നിന്നുയർന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണതെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനിൽ നടന്ന പരിപാടിയിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കുന്നതായിരുന്നുവെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ ബഹിഷ്‌ക്കരണം പ്രോട്ടോക്കോൾ ലംഘനമെന്നും അദ്ദേഹം പറഞ്ഞു.
കാവിക്കൊടിയേന്തിയ ഭാരതാംബ പോലുളള ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ സർക്കാർ പരിപാടികളിൽ ഉപയോഗിക്കാവൂ എന്നും മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നു. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ചിഹ്നങ്ങൾ പാടില്ല. ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണമെന്നും ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു
കഴിഞ്ഞ ദിവസം പാളയത്ത് കേരള സർവകലാശാല വളപ്പിലെ സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഭാരതാംബ ചിത്രം വച്ചതിനെതിരെ എസ് എഫ് ഐയും കെ എസ് യുവും രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങൾ സംഘർഷത്തിലേക്കും എത്തിയിരുന്നു. ഭാരതാംബ തർക്കം കയ്യാങ്കളിയിലേക്ക് കൂടി പോയതോടെ നിലപാടു കടുപ്പിക്കുകയാണ് സർക്കാരും ഗവർണറും.






