പാചകവാതക വിലയിലെ മാറ്റങ്ങൾ മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
ഏപ്രിൽ മാസം അവസാനിക്കുമ്പോൾ, മെയ് ഒന്നു മുതൽ രാജ്യത്ത് സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. പാചകവാതക വിലയിലെ മാറ്റങ്ങൾ മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. അടുത്ത മാസത്തെ നിങ്ങളുടെ സാമ്പത്തിക പ്ലാനിംഗിനെ ബാധിച്ചേക്കാവുന്ന പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങൾ താഴെ നൽകുന്നു.
1. എൽപിജി സിലിണ്ടർ വിലയും ഡെലിവറി സംവിധാനവും
എല്ലാ മാസത്തെയും പോലെ മെയ് ഒന്നിനും എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ നിരക്ക് പുതുക്കും. ഏപ്രിലിൽ ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. മെയ് മാസത്തെ പുതുക്കിയ നിരക്കുകൾ വീട്ടിലെ അടുക്കള മുതൽ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ വരെ ബാധിക്കും. ഇതുകൂടാതെ, സിലിണ്ടർ ബുക്കിംഗിന്റെ ലോക്ക്-ഇൻ പിരീഡിലും ഡെലിവറിക്ക് ഒടിപി (OTP) നിർബന്ധമാക്കുന്നതിലും സ്ഥിരമായ മാറ്റങ്ങൾ വരുത്താൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ആലോചിക്കുന്നുണ്ട്.
2. വിമാന ഇന്ധനം, സിഎൻജി-പിഎൻജി നിരക്കുകൾ
പാചകവാതകത്തിന് പുറമെ വിമാന ഇന്ധനമായ എടിഎഫ് (ATF), സിഎൻജി, പിഎൻജി എന്നിവയുടെ വിലയും മെയ് ഒന്നിന് പുതുക്കും. ഏപ്രിൽ ആദ്യം എടിഎഫ് വില ഇരട്ടിയാക്കിയെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. പുതിയ മാറ്റങ്ങൾ വിമാനയാത്രക്കാർക്കും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും തിരിച്ചടിയായേക്കാം.
3. എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മെയ് 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. 100 രൂപ മുതൽ 500 രൂപ വരെയുള്ള കുടിശ്ശികയ്ക്ക് ലേറ്റ് പേയ്‌മെന്റ് ചാർജ് (LPC) 100 രൂപയായി നിശ്ചയിച്ചു. 500 രൂപ മുതൽ 1,000 രൂപ വരെയുള്ള തുകയ്ക്ക് ഇത് 500 രൂപയായിരിക്കും. കൂടാതെ, ബിപിസിഎൽ എസ്ബിഐ (BPCL SBI) ക്രെഡിറ്റ് കാർഡിന്റെ 499 രൂപ വാർഷിക ഫീസ് ഒഴിവാക്കാൻ ഇനി മുതൽ വർഷം ഒരു ലക്ഷം രൂപ ചിലവാക്കേണ്ടി വരും. നിലവിൽ ഇത് 50,000 രൂപയായിരുന്നു.
4. ഓൺലൈൻ ഗെയിമിംഗ് നിയമങ്ങൾ
ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ (OGAI) മെയ് ഒന്നു മുതൽ നിലവിൽ വരും. ഗെയിമുകളെ ഓൺലൈൻ മണി ഗെയിമുകൾ, സോഷ്യൽ ഗെയിമുകൾ, ഇ-സ്പോർട്സ് എന്നിങ്ങനെ മൂന്നായി തിരിക്കും. പണം ഉപയോഗിച്ചുള്ള ഗെയിം പ്ലാറ്റ്‌ഫോമുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ സാമ്പത്തിക ഇടപാടുകൾ സർക്കാർ നിരീക്ഷണത്തിലുമായിരിക്കും.
5. ബാങ്ക് അവധികൾ
മെയ് മാസത്തിൽ ബാങ്കുകൾക്ക് നിരവധി അവധി ദിവസങ്ങളാണ് വരുന്നത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾക്കും ഞായറാഴ്ചകൾക്കും പുറമെ മഹാരാഷ്ട്ര ദിനം (ലേബർ ഡേ), രവീന്ദ്രനാഥ ടാഗോർ ജയന്തി, ബലിപെരുന്നാൾ (Eid Ul Adha) തുടങ്ങിയ അവസരങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ബാങ്ക് സന്ദർശിക്കുന്നതിന് മുൻപ് റിസർവ് ബാങ്കിന്റെ അവധി പട്ടിക പരിശോധിക്കുന്നത് നന്നായിരിക്കും. ഈ ദിവസങ്ങളിൽ ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകും









