ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക. ഇന്നലെ കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്, വോട്ടര്‍ പട്ടികയില്‍ മരിച്ചെന്ന് രേഖപ്പെടുത്തിയ സ്ത്രീയെ കോടതിമുറിയില്‍ ഹാജരാക്കിയിരുന്നു.
ഹര്‍ജികള്‍ക്കെതിരായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടന വിരുദ്ധം എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.
ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ എതിര്‍ത്ത മുതിര്‍ന്ന അഭിഭാഷകര്‍ക്ക് പുറമേ വാദം ഉന്നയിക്കാന്‍ എത്തിയ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് ആണ് കോടതി മുറിയില്‍ അപ്രതീക്ഷിത നീക്കം നടത്തിയത്. ബീഹാര്‍ കരട് വോട്ടര്‍ പട്ടികയില്‍ മരിച്ചതായി രേഖപ്പെടുത്തിയ സ്ത്രീയെ യോഗേന്ദ്ര യാദവ് കോടതി മുറിയില്‍ ഹാജരാക്കി വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലെ പോരായ്മകള്‍ സുപ്രീംകോടതിയെ നേരിട്ട് അറിയിച്ചു. നാടകം എന്തിനാണ് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഉത്തരം മുട്ടിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോരായ്മകളില്‍ ഇടപെടുമെന്ന് കോടതിയെ അറിയിച്ചു. ചില പ്രശ്നങ്ങള്‍ക്ക് പരിഹാര നടപടികള്‍ ആവശ്യമാണെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു.







