എഡിജിപി സ്ഥാനത്ത് ഇരിക്കാൻ അജിത് കുമാർ യോഗ്യനല്ലെന്ന് ബിനോയ് വിശ്വം; എൽഡിഎഫിൽ വോട്ടെടുപ്പ് നടത്തുന്നത് ആരോഗ്യകരമല്ലെന്നും നിലപാട്

ആർഎസ്എസ് നേതാക്കളെ ഊഴം വെച്ച് കാണുകയും തൃശൂർ പൂരം കലക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു എന്ന് സംശയിക്കുന്ന എഡിജിപി അജിത് കുമാർ ആ പദവിയിലിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യം പാർട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ഭരണം മാറിയതുകൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ സിപിഐക്ക് യാതൊരു വാശിയുമില്ല. ഇടതുപക്ഷ ഐക്യമാണ് പാർട്ടിയുടെ കാതൽ. സിപിഐഎമ്മുമായുള്ള ബന്ധം ഊഷ്മളമായി കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നത്. ഈ വിഷയത്തെ ഒരു തർക്കമാക്കാൻ താല്പര്യമില്ലാത്തതിനാൽ പ്രശ്നപരിഹാര ചർച്ചകൾക്കായി സിപിഐ എപ്പോഴും വാതിൽ തുറന്നിട്ടിട്ടുണ്ട്.

പ്രതിപക്ഷ ഉപനേതൃപദവി സിപിഐഎമ്മിന് നൽകണമെന്നാണ് മുന്നണിയിലെ ചില ഘടകകക്ഷികളുടെ നിലപാടെങ്കിലും, എൽഡിഎഫിനകത്ത് ആളെപ്പിടിച്ച് വോട്ടെടുപ്പിലൂടെ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുന്നണിയിൽ സിപിഐ ഒട്ടും ഒറ്റപ്പെട്ടിട്ടില്ലെന്നും മറ്റ് കക്ഷികളുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിട്ടുവീഴ്ച ചെയ്യണമെന്നത് ആർജെഡിയുടെ നിലപാടാണ്. സ്വന്തം നിലപാട് പറഞ്ഞതുകൊണ്ട് ആരും ശത്രുക്കളാകില്ലെന്നും തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ മാത്രമാണ് മാർഗ്ഗമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Top News from last week.