തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു മുന്നേറ്റം ലക്ഷ്യമിട്ട് പുതിയ മുഖത്തെ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നടത്തിയ മികച്ച പ്രകടനവും, യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്ന ദൗത്യവും മുൻനിർത്തിയാണ് മാറുന്ന കാലത്തെ വികസനത്തിന്റെ മുഖമായി രാജീവ് ചന്ദ്രശേഖറിനെ ബിജെപി കേന്ദ്രനേതൃത്വം അവതരിപ്പിക്കുന്നത്.
കേരള എൻഡിഎയുടെ വൈസ് ചെയർമാനായിരുന്ന രാജീവ് ചന്ദ്രശേഖർ സംഘപരിവാർ പശ്ചാത്തലമില്ലാതെ പാർട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവാണ്. വിഭാഗീയത രൂക്ഷമായ സംസ്ഥാന ബിജെപിയിൽ രാജീവ് ചന്ദ്രശേഖറിലൂടെ പാർട്ടി കേന്ദ്രനേതൃത്വം പിടിമുറുക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യത കേരളത്തിലും ഉറപ്പിക്കാൻ സാധിക്കുന്ന ബദൽ മുഖം തേടുകയായിരുന്നു ബിജെപി നേതൃത്വം.
രണ്ടാം നരേന്ദ്രമോദി സർക്കാരിൽ ഐടി- ഇലക്ട്രോണിക്സ്-നൈപുണ്യ വികസന വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. കർണാടകയിൽ നിന്നും മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിൻറെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.
എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന എം കെ ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964 ൽ അഹമ്മദാബാദിലാണ് രാജീവിന്റെ ജനനം. മണിപ്പാൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ഡിപ്ലോമയും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. 1988 മുതൽ 1991 വരെ അമേരിക്കയിലെ ഇന്റൽ കമ്പ്യൂട്ടർ കമ്പനിയിൽ കമ്പ്യൂട്ടറിന്റെ ചിപ്പ് പ്രൊസസർ നിർമ്മിക്കുന്ന ഐ ടി ഉദ്യോഗസ്ഥനായി ജോലി നോക്കിയിട്ടുണ്ട്.
1991ൽ ബിപിഎൽ ഗ്രൂപ്പ് ചെയർമാൻ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം ചെയ്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 1991-ൽ ബിപിഎൽ കമ്പനിയിൽ ചേർന്ന് 1994-ൽ ബിപിഎല്ലിന്റെ തന്നെ മൊബൈൽ ഫോൺ കമ്പനി രൂപീകരിച്ചു. വയർലസ് ഫോൺ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ൽ ഇന്ത്യൻ മാർക്കറ്റിൽ ബിപിഎല്ലിലൂടെ രാജീവ് നിർണായക കുതിപ്പ് നടത്തി. പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ് രാജീവ് ചന്ദ്രശേഖറിന്റെ കേരളത്തിലെ തായ് വേര്. ബിസിനസിൽ തിളങ്ങിയ രാജീവ് ചന്ദ്രശേഖർ 2006 ലാണ് ബിജെപിയിൽ ചേരുന്നത്.









