തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ വെട്ടിലായി ബിജെപി; കേന്ദ്ര നേതൃത്വത്തിനും ആർഎസ്എസിനും കടുത്ത അതൃപ്തി

തിരുവനന്തപുരം: കേരള ബിജെപിയെ പ്രതിസന്ധിയിലാക്കി തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം പുകയുന്നു. മൂന്ന് സീറ്റുകൾ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിൽ ഉയർന്ന ഫണ്ട് തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെ, 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്.

കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടിതോരണങ്ങൾ വൻ തുകയ്ക്ക് താഴേത്തട്ടിലേക്ക് മറിച്ചുവിറ്റെന്നും, ഇഷ്ടമുള്ള സ്വകാര്യ കമ്പനികളിൽ നിന്ന് തുക കൂട്ടിക്കാണിച്ച് കൊടിയടിച്ച് കമ്മീഷൻ കൈപ്പറ്റിയെന്നുമാണ് പ്രധാന ആരോപണം. കൂടാതെ, തലസ്ഥാനത്തെ വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറി ബുക്ക് ചെയ്തും തട്ടിപ്പ് നടത്തിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിനിടെ, കൊടി തയ്യാറാക്കിയതിന്റെ മുഴുവൻ തുകയും പാർട്ടി നൽകുന്നതിന് മുൻപ് തന്നെ 31 ലക്ഷം രൂപ ഒരു ബിജെപി നേതാവിന് കമ്മീഷനായി നൽകിയെന്നും, ധാരണപ്രകാരമുള്ള ബാക്കി തുക ലഭിക്കാൻ വിളിക്കുമ്പോൾ ആരും ഫോൺ എടുക്കുന്നില്ലെന്നും വ്യക്തമാക്കുന്ന കമ്പനി പ്രതിനിധിയുടെ ശബ്ദരേഖ പുറത്തുവന്നത് നേതൃത്വത്തെ കൂടുതൽ വെട്ടിലാക്കി. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ ഫ്ലെക്സ് വെച്ചതിലും കമ്മീഷൻ അടിച്ചതിനെക്കുറിച്ചുള്ള മറ്റൊരു ശബ്ദരേഖയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ദേശീയ നേതൃത്വത്തെ അയോധ്യ ഫണ്ട് തട്ടിപ്പ് ഉലയ്ക്കുമ്പോഴാണ് കേരളത്തിൽ ഈ പുതിയ വിവാദം.

പാർട്ടി നിയോഗിച്ച ട്രഷറർ തന്നെയാണ് ആദ്യം ഈ സാമ്പത്തിക തിരിമറി കണ്ടെത്തി ദേശീയ നേതൃത്വത്തെ അറിയിച്ചത്. തുടർന്ന് ഉത്തരവാദികളായ സംസ്ഥാന സെക്രട്ടറിയെയും തിരുവനന്തപുരത്തെ രണ്ട് നേതാക്കളെയും ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയെങ്കിലും ഈ വിവരം നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. വ്യാപകമായ ഫണ്ട് വെട്ടിപ്പ് നടന്നിട്ടും പാർട്ടി നേതൃത്വം എല്ലാം മൂടിവെക്കുകയാണെന്ന് മുരളീധര പക്ഷം ആരോപിക്കുന്നുണ്ടെങ്കിലും ആരും ഇത് പരസ്യമായി പറയുന്നില്ല. വരാനിരിക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇവരുടെ നീക്കം. അതേസമയം, ഈ വിവാദത്തിൽ കേന്ദ്ര നേതൃത്വത്തിനും ആർഎസ്എസിനും കടുത്ത അതൃപ്തിയുണ്ട്. നിലവിൽ വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് ഈ മാസം 18ന് തിരിച്ചെത്തിയ ശേഷം ഫണ്ട് തട്ടിപ്പ് നടത്തിയവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് ഔദ്യോഗിക വിഭാഗം നൽകുന്ന വിശദീകരണം.

Top News from last week.