കെട്ടുറപ്പുള്ള പാർട്ടി ബിജെപി; കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂരിന് പിന്നാലെ പി ചിദംബരവും

രാജ്യത്ത് ഏറ്റവും കെട്ടുറപ്പുള്ള പാർട്ടി ബി ജെ പിയാണെന്നുള്ള പി ചിദംബരത്തിന്റെ അഭിപ്രായ പ്രകടനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ പി ചിദംബരം കഴിഞ്ഞ ദിവസം ഇന്ത്യാ സഖ്യത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് ബി ജെ പിയെ കെട്ടുറപ്പുള്ള പാർട്ടിയെന്ന് വിശേഷിപ്പിച്ചത്. ബി ജെ പിയെപ്പോലെ കെട്ടുറപ്പും സംഘടിതവുമായ മറ്റൊരു പാർട്ടി ഇല്ല, ഇന്ത്യാ സഖ്യം മുന്നോട്ടുപോവുന്നുണ്ടോ എന്ന് തനിക്കറിയില്ല, സഖ്യം ദുർബലപ്പെട്ടിരിക്കുന്നു എന്നും ശ്രമിച്ചാൽ ശക്തിപ്പെടുത്താൻ ഇനിയും സമയമുണ്ട് എന്നുമായിരുന്നു ചിദംബരം അഭിപ്രായപ്പെട്ടത്.

മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു പി ചിദംബരം. കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്താതിരുന്ന ദേശീയ നേതാവുകൂടിയാണ് ചിദംബരം. ചിദംബരത്തിനെതിരെയും മകനെതിരെയും ഇ ഡി കേസെടുത്തതും, ബി ജെ പി കെട്ടുറപ്പുള്ള പാർട്ടിയാണെന്നുള്ള ചിദംബരത്തിന്റെ അഭിപ്രായം കോൺഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കാനുള്ള സാധ്യതയുണ്ട്. ശശി തരൂർ പലപ്പോഴായി നടത്തിയ മോദി സ്തുതി കോൺഗ്രസിനെ അക്രമിക്കാനുള്ള ആയുധമായി ബി ജെ പി ഉപയോഗിച്ചുകൊണ്ടിരിക്കവെയാണ് ചിദംബരത്തിന്റെ പുതിയ അഭിപ്രായപ്രകടനം. അഴിമതി കേസിൽ കാർത്തി ചിദംബരത്തിനെതിരെ സി ബി ഐ നടപടികൾ കടുപ്പിക്കുകയും മൂന്നുകേസുകൾക്ക് പുറമെ നാലാമതൊരു കേസുകൂടി ചാർജ് ചെയ്തതോടെ ചിദംബരവും കോൺഗ്രസും കടുത്ത പ്രതിസന്ധിയിലായിരുന്നു.

സെക്വോയ മദ്യത്തിന് എഫ് ഡി ഐ അനുമതി നൽകുന്നതിനും ഡിയാജിയോ മദ്യനിരോധനം നീക്കുന്നതിലും കാർത്തി ചിദംബരം 87 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്. നാല് സി ബി ഐ കേസുകൾ നിലവിൽ കാർത്തി ചദംബരത്തിനെതിരായുണ്ട്. എയർസെൽ മാക്സിസ് ഇടപാടിലും ഐ എൻ എക്സ് മീഡിയ കൈക്കൂലി കേസിൽ പി ചിദംബരവും നളിനി ചിദംബരവും നിലവിൽ വിചാരണ നേരിടുകയാണ്.

ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ സി ബി ഐ കേസെടുത്തതോടെയാണ് ചിദംബരം മൗനത്തിലായത്. മോദി സ്തുതിയിലൂടെ നിരന്തരമായി കോൺഗ്രസിനെ വെട്ടിലാക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപും എം പിയുമായ ശശി തരൂരിനെ മെരുക്കാനുള്ള വഴികൾ തേടുന്നതിനിടയിലാണ് മുതിർന്ന കോൺഗ്രസ് നേതാവായ പി ചിദംബരം ബി ജെ പിയെ പുകഴ്ത്തിയും ഇന്ത്യാ സഖ്യത്തെ ഇകഴ്ത്തിയും രംഗത്തെത്തിയിരിക്കുന്നത്.

തരൂർ പാർട്ടി നിലപാടുകൾ മാത്രമേ പറയാവൂ എന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചിദംബരം വിവാദ നിലപാടുമായി രംഗത്തെത്തിയത്. 1971ലെ ഇന്ദിരാഗാന്ധിയുടെയും 2025 ലെ മോദിയുടെ നിലപാടും താരതമ്യം ചെയ്യരുതെന്ന ശശിതരൂരിന്റെ പ്രസ്താവനയാണ് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നിരന്തരം കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാട് ആവർത്തിച്ചുകൊണ്ടിരുന്ന കോൺഗ്രസ് നേതാവായ ശശി തരൂർ പാർട്ടിക്ക് സ്ഥിരം തലവേദനയായിരുന്നു.

Top News from last week.

Latest News

More from this section