കൈക്കൂലി: മിനറൽ റവന്യു ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ .

പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതിക്ക് കൈകൂലി വാങ്ങിയ ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യു വിജിലൻസ് പിടിയിൽ. കണ്ണൂർ കുറ്റ്യേരി സ്വദേശിയും കണ്ണൂർ ജില്ലാ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യു ഇൻസ്പെക്ടറുമായ പി പി ശ്രീധരനെയാണ് വിജിലൻസ് പിടികൂടിയത്.കണ്ണൂർ ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന് പൂഴി മണ്ണ് ശേഖരിച്ച് വിൽപ്പന നടത്തുന്നതിനുള്ള അനുമതി നൽകുന്നതിന് 15,000/- രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.

അനുമതിക്കായി 2025 ജൂൺ മാസത്തിൽ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അനുമതി നൽകുന്നതിന് കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസ് കാലതാമസം വരുത്തിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് 2026 ജൂലൈ എട്ടിനു ജിയോളജി ഓഫീസിൽ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ രേഖകളുമായി ഓഫീസിലെത്തി യെങ്കിലും ഇൻസ്പെക്ഷൻ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് തിരിച്ചയച്ചു. എന്നാൽ ഇൻസ്പെക്ഷനായി ഉദ്യോഗസ്ഥർ എത്താത്തതിനെ തുടർന്ന് വിവരം തിരക്കുന്നതിനായി പരാതിക്കാരൻ ജൂലൈ 15 ന് വീണ്ടും ഓഫീസിൽ എത്തി മൈനിംഗ് റവന്യു ഇൻസ്പെക്ടറായ ശ്രീധരനെ നേരിൽ കണ്ടു. സൈറ്റ് ഇൻസ്പെക്ഷൻ നടത്തണമെങ്കിൽ തന്നെ വേണ്ട രീതിയിൽ കാണണമെന്നും, അല്ലെങ്കിൽ ഫയൽ മുന്നോട്ട് പോവുകയില്ലായെന്നും അതിന് 30,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇത്രയും തുക നൽകാൻ കഴിയില്ലന്ന് അറിയിച്ചപ്പോൾ 15,000/- രൂപ നൽകണമെന്ന് പറഞ്ഞു. തുടർന്ന് പരാതിക്കാരൻ വിവരം കണ്ണൂർ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.30 മണിയ്ക്ക് ഇരിണാവ് ജംഗ്ഷന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും 15,000/- രൂപ കൈക്കൂലി വാങ്ങവേ യാണ് ഇയാളെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടിയത്. പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

 

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

Top News from last week.

Latest News

More from this section