കണ്ണൂർ: സംസ്ഥാന ബജറ്റിൽ കണ്ണൂർ മണ്ഡലത്തിന് വികസന കുതിപ്പേകുന്ന പ്രഖ്യാപനങ്ങൾ. റോഡ് വികസനം, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, കോർപ്പറേഷൻ കെട്ടിട നിർമ്മാണം തുടങ്ങി വിവിധ പദ്ധതികൾക്കായി കോടിക്കണക്കിന് രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. മണ്ഡലത്തിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്ന വലിയ റോഡ് വികസന പദ്ധതികൾക്കാണ് ഇത്തവണ ബജറ്റിൽ മുൻഗണന നൽകിയിട്ടുള്ളത്.
മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം മേലേ ചൊവ്വ മുതൽ കാഞ്ഞിരോട് കണ്ണൂർ മണ്ഡല അതിർത്തി വരെയുള്ള നാലുവരിപ്പാത വികസനമാണ്. ഇതിനായി 60 കോടി രൂപയാണ് അനുവദിച്ചത്. കൂടാതെ താഴെചൊവ്വ- ചക്കരക്കല്ല് എയർപോർട്ട് റോഡ് നവീകരണത്തിന് 15 കോടി രൂപയും, ആനയിടുക്ക് സിറ്റി റോഡ് വീതി കൂട്ടി പരിഷ്കരിക്കുന്നതിന് 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
യാത്രാക്കുരുക്കിന് വലിയ പരിഹാരമാകുന്ന രണ്ട് പ്രധാന മേൽപ്പാലങ്ങളുടെ സ്ഥലം ഏറ്റെടുക്കലിനായി തുക അനുവദിച്ചു. നടാൽ താഴെചൊവ്വ മേൽപ്പാലത്തിനും, ആനയിടുക്ക് റെയിൽവേ മേൽപ്പാലത്തിനുമായി 2 കോടി രൂപ വീതമാണ് സ്ഥലം ഏറ്റെടുക്കലിനായി മാറ്റിവെച്ചിരിക്കുന്നത്.
മറ്റ് പ്രധാന റോഡ് വികസനങ്ങൾ :
വലിയന്നൂർ മുണ്ടേരിമുട്ട റോഡ് വീതി കൂട്ടൽ: 5 കോടി രൂപ
മുണ്ടയാട് മതുക്കോത്ത് റോഡ് ബാക്കി ഭാഗം ടാറിങ്: 3 കോടി രൂപ
കുടുക്കിമൊട്ട- പുറവൂർ മണ്ഡലം അതിർത്തി വരെയുള്ള റോഡ് സൗന്ദര്യവൽക്കരണം: 2 കോടി രൂപ
ഏച്ചൂർ ബാങ്ക് പള്ളിപ്പൊയിൽ റോഡ്: 2 കോടി രൂപ
ഹാജിമൊട്ട മാച്ചേരി റോഡ്: 1 കോടി രൂപ
കോർപ്പറേഷൻ-പഞ്ചായത്ത് കെട്ടിടങ്ങൾക്ക് പച്ചക്കൊടി
കണ്ണൂർ കോർപ്പറേഷന്റെ പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിനായി 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. മുണ്ടേരി ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ടൂറിസവും പരിസ്ഥിതി സംരക്ഷണവും
മണ്ഡലത്തിലെ ടൂറിസം മേഖലയ്ക്കും ബജറ്റിൽ മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മുണ്ടേരി പക്ഷി സങ്കേതത്തോടനുബന്ധിച്ച് പുതിയ ഹാപ്പിനസ് പാർക്ക്’ നിർമ്മിക്കാൻ 2 കോടി രൂപ അനുവദിച്ചു. കൂടാതെ ഏച്ചൂർ നല്ലാഞ്ചിക്കുളം നവീകരണത്തിനായി 2 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മൽസ്യബന്ധന മേഖലയ്ക്ക് ഉണർവേകിക്കൊണ്ട് മാപ്പിള ബേ ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചു.
മുണ്ടേരി പൊതു ശ്മശാനത്തിന്റെ വികസനത്തിനായി 1.5 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.









