കണ്ണൂർ: ഇന്നലെ രാത്രി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കും അവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കും യുവ സിനിമ താരത്തെ കണ്ട് കൗതുകമായി. കണ്ണൂർക്കാരിയായ നടി സനുഷയാണ് രാത്രി ഏഴരയോടെ സ്റ്റേഷനിലെത്തിയത്.
കറുപ്പ് പാന്റ്സും വെള്ള ഷർട്ടും വെള്ള തൊപ്പിയും മാസ്കും ധരിച്ചെത്തിയ സനുഷ ഫോട്ടോകളെടുക്കുന്നതിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറി. അഛൻ സന്തോഷും കൂടെയുണ്ടായിരുന്നു.അമ്മയുമുണ്ടായിരുന്നെങ്കിലും അവർ കാറിൽ തന്നെയിരിക്കുകയായിരുന്നു.
സനുഷ കാറോടിച്ചു വരവെ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഒരു സ്വകാര്യ ബസ് കുറുകെ കയറ്റിയിട്ടു. തുടർന്ന് സനുഷയോടു കയർത്തു സംസാരിക്കുകയും ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ബസ് ജീവനക്കാർക്കെതിരെ പരാതി നൽകാനാണ് സനുഷ ടൗൺ പോലിസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് കൊടേരിയുടെ സാന്നിധ്യത്തിൽ ബസ് ജീവനക്കാരെ വിളിപ്പിച്ച് അപ്പോൾ തന്നെ ഒത്തുതീർപ്പാക്കുകയും ചെയ്തു. താരത്തിന്റെ വരവും പോക്കും ടൗൺ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നവർക്ക് കൗതുകക്കാഴ്ച്ചയായി.
സനുഷയിപ്പോൾ കുടുംബ സമേതം ലണ്ടനിലാണ് താമസം. സിനിമയിലിപ്പോൾ സജീവമല്ല.









