ബൈജൂസ് സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു

എഡ്-ടെക് സ്ഥാപനം ബൈജൂസിന്റെ സിഇഒ അർജുന്‍ മോഹന്‍ രാജിവെച്ചു. സിഇഒ ചുമതല ഏറ്റെടുത്ത് കേവലം ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് രാജി. സ്ഥാപകനായ ബൈജു രവീന്ദ്രന്‍ ബൈജൂസിന്റെ പ്രവർത്തന ചുമതലകള്‍ ഏറ്റെടുത്തതോടെയാണ് നടപടിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നാല് വർഷങ്ങള്‍ക്ക് ശേഷമാണ് ബൈജു കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേല്‍നോട്ടത്തിലേക്ക് എത്തുന്നത്. കമ്പനിയുടെ ഉപദേശകന്റെ ചുമതലയായിരിക്കും ഇനി അർജുന്‍ വഹിക്കുകയെന്നും മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്തു.

“ബൈജൂസിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ അർജുന്‍ മികച്ച പ്രവർത്തനമാണ് നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വ മികവിനെ അഭിനന്ദിക്കുന്നു. തന്ത്രപ്രധാനമായ ഉപദേശകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനം പ്രതീക്ഷിക്കുന്നു,” ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി.

ലേണിങ് ആപ്പ്, ഓണ്‍ലൈന്‍ ക്ലാസ് ആന്‍ഡ് ട്യൂഷന്‍ സെന്റേഴ്‌സ്, ടെസ്റ്റ് പ്രെപ് എന്നിങ്ങനെ മൂന്ന് ഡിവിഷനുകളില്‍ കേന്ദ്രീകരിച്ച് കമ്പനിയുടെ പ്രവർത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിനിടെയും കൂടിയാണ് അർജുന്റെ രാജി.

“ബൈജൂസ് 3.0യുടെ തുടക്കമാണിത്. വിപണിയുടെ ചലനത്തിനൊത്ത് വേഗത്തില്‍ തയ്യാറായി കൂടുതല്‍ ചടുലതയോടെ സ്ഥാപനം മുന്നോട്ട് പോകും,” ബൈജു കൂട്ടിച്ചേർത്തു.

Top News from last week.