നവംബർ 1 മുതൽ കോളർ പേരും ഫോണിൽ തെളിയും



ന്യൂഡൽഹി: രാജ്യത്തെ ടെലികോം ഉപയോക്താക്കൾക്കായി കോളർ നെയിം പ്രദർശന സേവനം (CNAP) നവംബർ 1 മുതൽ നടപ്പാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നിർദേശം നൽകി. എല്ലാ ടെലികോം സേവനദാതാക്കളും തങ്ങളുടെ സേവന മേഖലകളിൽ ഈ സംവിധാനം നടപ്പാക്കണമെന്നാണ് നിർദേശം.
പുതിയ സംവിധാനത്തിലൂടെ വിളിക്കുന്നയാളുടെ ഫോൺ നമ്പറിനൊപ്പം ടെലികോം സേവനദാതാവിന്റെ വരിക്കാരുടെ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും സ്വീകരിക്കുന്നയാളുടെ ഫോണിൽ പ്രദർശിപ്പിക്കും. ഇതിലൂടെ അപരിചിത നമ്പറുകളിൽ നിന്നുള്ള കോളുകൾ തിരിച്ചറിയാൻ ഉപയോക്താക്കൾക്ക് സാധിക്കും.
കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടില്ലാത്ത അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള കോളുകൾ ലഭിക്കുമ്പോൾ ‘International Call’ എന്ന സന്ദേശമായിരിക്കും ഫോണിൽ തെളിയുക.
ഈ സേവനം ലഭിക്കുന്നതിന് ഉപയോക്താക്കൾ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. എല്ലാ ഉപയോക്താക്കൾക്കും സേവനം ലഭ്യമാക്കാനാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നിർദേശം.






