സിപി എമ്മിൽ സ്ഥാനാർത്ഥിത്വം വ്യക്തിയുടെ അവകാശമല്ല ,പി .എം .മനോജ്


സിപി എമ്മിൽ സ്ഥാനാർത്ഥിത്വം വ്യക്തിയുടെ അവകാശമല്ല

പി എം മനോജ്

ഒരു സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റുകാരന് നഷ്ടപ്പെടുന്നത് ആ ഒരു സീറ്റ് മാത്രമായിരിക്കണം; പ്രസ്ഥാനം തന്നെയാവരുത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ എന്നും കർശനമായി നേരിട്ടിട്ടുള്ള പ്രവണതയാണ് പാർലമെന്ററി വ്യാമോഹം അഥവാ സ്ഥാനങ്ങളോടും അധികാരത്തോടുമുള്ള ആർത്തി.
സി.പി.ഐ(എം)-ൽ സ്ഥാനാർത്ഥിത്വം വ്യക്തിയുടെ അവകാശമല്ല. സംഘടനയ്ക്കകത്തെ ജനാധിപത്യപരമായ ചർച്ചകളിലൂടെയും തീരുമാനങ്ങളിലൂടെയുമാണ് സ്ഥാനാർത്ഥികളും നേതാക്കളും ഉയർന്നുവരുന്നത്. ആ തീരുമാനങ്ങൾ അംഗീകരിക്കാനാകാതെ പാർട്ടി വിട്ടവരുണ്ട്; പുറത്താക്കപ്പെട്ടവരുണ്ട്; പിന്നീട് തിരിച്ചുവന്നവരുമുണ്ട്.
സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള വിയോജിപ്പ് താൻ ദീർഘകാലം പ്രവർത്തിച്ച പ്രസ്ഥാനത്തിന്റെ നേതാക്കളെ നിരന്തരം വ്യക്തിപരമായി ആക്രമിക്കുന്ന രാഷ്ട്രീയമായി മാറുമ്പോൾ, അതിനെ വെറുമൊരു ആശയവിയോജിപ്പായി കാണാനാവില്ല. അതിനെയാണ് തെറ്റില്ലാതെ വഞ്ചന എന്ന് വിളിക്കേണ്ടത്. അത് ചെയ്യുന്നവരെ ആണ് മടികൂടാതെ റെനഗേഡ് എന്ന് വിളിക്കേണ്ടത്.
ദീർഘകാലം സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ ഭാഗമായിരുന്ന ടി. കെ. ഗോവിന്ദൻ മാസ്റ്ററുടെ സമീപകാല രാഷ്ട്രീയ ഭാഷ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിയോജിപ്പിനെ തുടർന്ന് പാർട്ടിക്ക് പുറത്തുപോയി മത്സരിച്ച് യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചതിനു പിന്നാലെ, പഴയ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കൾക്കെതിരെ കടുത്ത വ്യക്തികേന്ദ്രിത ആക്രമണങ്ങൾ വിരാമമില്ലാതെ തുടരുകയാണ് അദ്ദേഹം.
ആശയപരമായ വിയോജിപ്പ് ആവാം. വിമർശനം ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നതിലും തർക്കമില്ല. പക്ഷേ നിരന്തരമായ വ്യക്തിഹത്യയായി അത് പരിണമിക്കുമ്പോൾ രാഷ്ട്രീയമായ മറ്റൊരു വായന ആവശ്യമാണ്.
ഷേക്‌സ്‌പിയറുടെ കോറ്യോലനസ് സ്വന്തം നഗരത്തിനുവേണ്ടി പോരാടിയശേഷം അതേ നഗരത്തിനെതിരെ തിരിയുന്ന മനുഷ്യന്റെ ദുരന്തമാണ്. സ്വന്തം പ്രസ്ഥാനത്തിന്റെ ഉള്ളറകൾ അറിയുന്ന ഒരാൾ അതിനെതിരെ തിരിയുന്നതിലെ വിരോധാഭാസത്തിന് അതൊരു ശക്തമായ സാഹിത്യരൂപകമായി കാണാം.
ബെനഡിക്ട് അർനോൾഡ് കൂറുമാറ്റത്തിന്റെ ചരിത്രപ്രതീകമാണ്. ഇയാഗോ മുറിവേറ്റ ഈഗോ പ്രതികാരമായി മാറുന്നതിന്റെ സാഹിത്യപ്രതീകവുമാണ്. ഈ മൂന്ന് പ്രതീകങ്ങളെയും ടി കെ ഗോവിന്ദൻ മാസ്റ്റർ എന്ന ഒരാളുടെ മേൽ ചാർത്തുകയല്ല. മറിച്ച് രാഷ്ട്രീയ മനഃശാസ്ത്രത്തിലെ ഒരു അപകടകരമായ വഴിത്തിരിവിന്റെ രൂപകങ്ങൾ എങ്ങനെയാണ് ഒരാളുടെ സ്വഭാവത്തെ പ്രതീകവൽക്കരിക്കുന്നത് എന്ന് ഇവയിലൂടെ കാണാം എന്ന് സൂചിപ്പിക്കുക മാത്രമാണ്
സ്ഥാനമോഹം; സ്ഥാനനിഷേധം; അന്യവൽക്കരണം ; പ്രതികാരം – ഈ ദിശയിലാണ് ഗോവിന്ദൻ മാസ്റ്ററുടെ സഞ്ചാരം.
കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിൽ പലതവണ ഇതിനെ നേരിട്ടിട്ടുണ്ട്. ഇനിയും നേരിടേണ്ടിവരും എന്നതിലും സംശയമില്ല.
വീണ്ടും വീണ്ടും ഓർമ്മിക്കേണ്ട ചിലവിഷയങ്ങൾ ഉണ്ട്. പാർട്ടി സ്ഥാനം വ്യക്തിയുടെ സ്വത്തല്ല; സ്ഥാനാർത്ഥിത്വം വ്യക്തിയുടെ അവകാശമല്ല; അധികാരം വ്യക്തിയുടെ രാഷ്ട്രീയ ലക്ഷ്യവുമല്ല.
പ്രസ്ഥാനം വ്യക്തിയേക്കാൾ വലുതാണ്.
പാർട്ടി വിട്ടവർ തിരിച്ചുവന്നിട്ടുണ്ട്. കടുത്ത വിമർശകർ വീണ്ടും സഹയാത്രികരായിട്ടുണ്ട്. അതുകൊണ്ട് ഇന്നത്തെ എതിരാളിയെ നാളത്തേക്കുള്ള ശത്രുവായി കാണുകയല്ല.
പക്ഷേ ഒരു കാര്യം മറക്കരുത്: സ്ഥാനത്തിനുവേണ്ടി പ്രസ്ഥാനത്തോട് പക വളർത്തുന്ന രാഷ്ട്രീയം, എത്ര മധുരമുള്ള വാക്കുകളിൽ പൊതിഞ്ഞാലും പാർലമെന്ററി വ്യാമോഹത്തിന്റെ വെറുക്കപ്പെട്ട മുഖമാണ്.
സ്ഥാനങ്ങൾ വരും, പോകും.
സ്ഥാനാർത്ഥികൾ മാറും.
നേതാക്കൾ മാറും.
പക്ഷേ പ്രസ്ഥാനം അവശേഷിക്കും എന്ന സത്യം അരനൂറ്റാണ്ട് കവിഞ്ഞ പ്രവർത്തന പാരമ്പര്യം അലങ്കാരമായി കൊണ്ടുനടക്കുന്ന ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് അറിയാതെ പോകുന്നത് എങ്ങനെ?
ഒരു സീറ്റ് നഷ്ടപ്പെട്ടതിന്റെ പേരിൽ പ്രസ്ഥാനത്തെ നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയം ഒരിക്കലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമല്ല; അത് വ്യക്തിയുടെ രാഷ്ട്രീയ പരാജയത്തിന്റെ ഏറ്റവും വലിയ തെളിവാണ് എന്ന് സ്വയം തിരിച്ചറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട് സഹതപിക്കുകയല്ല വേണ്ടത്. അദ്ദേഹംരാഷ്ട്രീയ എതിരാളികളുടെ കോടാലിയാണ് എന്നും വർഗ്ഗ വഞ്ചകൻ ആണ് എന്നും ഒറ്റുകാരനാണ് എന്നും മടികൂടാതെ പറഞ്ഞു കൊണ്ടിരിക്കുക തന്നെയാണ് വേണ്ടത്.








