സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ‘തൊപ്പി’ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്


കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസിൽ പ്രമുഖ യൂട്യൂബറും ഗെയിമറുമായ ‘തൊപ്പി’ എന്ന നിഹാദിന് വീണ്ടും പോലീസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച ഹാജരാകാനാണ് എറണാകുളം റൂറൽ സൈബർ പോലീസ് നിർദേശം നൽകിയിരിക്കുന്നത്. മുൻപ് നൽകിയ സമൻസ് അവഗണിച്ചതിനെ തുടർന്നാണ് പോലീസ് നടപടി കടുപ്പിച്ചത്. വിഷയത്തിൽ നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.

ലൈവ് സ്ട്രീമിംഗിലൂടെയും ഗെയിമിംഗിലൂടെയും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ വലിയ സ്വാധീനം നേടിയ നിഹാദും സംഘവും, തുടക്കം മുതൽ തന്നെ അശ്ലീല ഭാഷാപ്രയോഗങ്ങളുടെ പേരിൽ കടുത്ത വിമർശനം നേരിട്ടിരുന്നവരാണ്. യൂട്യൂബിൽ നിന്നുള്ള വരുമാനത്തെച്ചൊല്ലി സംഘാംഗങ്ങൾക്കിടയിലുണ്ടായ തർക്കമാണ് ഒടുവിൽ പരസ്യമായ ചെളിവാരിയെറിയിലിലേക്കും ചാനൽ പൂട്ടിപ്പോകുന്നതിലേക്കും നയിച്ചത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നിഹാദിന്റെ മുൻ കൂട്ടാളി ‘മമ്മു’ എന്ന മുഹമ്മദ് മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ‘Mrz Shameer’ എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ ലൈവ് സ്ട്രീമിംഗിനിടെ നിഹാദും മമ്മുവും ചേർന്ന് പരാതിക്കാരിക്കെതിരെ കടുത്ത ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് കേസ്. നിഹാദുമായി തെറ്റിയതിന് പിന്നാലെ പഴയ സംഭാഷണങ്ങളും വീഡിയോകളും ലൈവിലൂടെ പുറത്തുവിട്ടതാണ് കേസിന് ആസ്പദമായ സംഭവം. ഈ കേസിൽ ഒന്നാം പ്രതിയാണ് നിഹാദ്.









