പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ


കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെ കോഴിക്കോട് സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മഹിളാ മോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അതേസമയം, സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നതിനാൽ ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കും.

നേരത്തെ ഈ വിഷയത്തിൽ തനിക്ക് തെറ്റുപറ്റിയതായി സമ്മതിച്ച് ജാൻമണി രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് താൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രിയെയോ അദ്ദേഹത്തിന്റെ മാതാവിനെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ പ്രസ്താവനയെന്നും, ഓൺലൈൻ കണ്ടന്റുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
തന്റെ മലയാളം ഭാഷയിലുള്ള അപൂർണ്ണത മൂലമാകാം സംഭവം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് ജാൻമണി പറഞ്ഞു. ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് തന്റെ പരാമർശത്തിലെ അബദ്ധം തിരിച്ചറിഞ്ഞതെന്നും ഒരു കുട്ടിയായി കണ്ട് എല്ലാവരും ക്ഷമിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. ഒരു പ്രസ്താവന നടത്തുന്നതിന് മുൻപ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നുവെന്നും വളരെ വിഷമത്തോടെയാണ് ഖേദപ്രകടനം നടത്തുന്നതെന്നും ജാൻമണി വീഡിയോയിലൂടെ അറിയിച്ചിരുന്നു.









