പോലീസിനെയും ആഭ്യന്തരമന്ത്രിയെയും അധിക്ഷേപിച്ച കേസ്: അർജുൻ ആയങ്കിയുടെ ഐഫോൺ ഷൂ റാക്കിൽ നിന്ന് കണ്ടെത്തി; കാപ്പ ചുമത്താനുള്ള നടപടികൾ ഊർജ്ജിതമാക്കി


കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത കേസിൽ നിർണായക തെളിവ് കണ്ടെത്തി അന്വേഷണ സംഘം. പ്രതി അർജുൻ ആയങ്കി ഒളിവിൽ കഴിയവെ ഉപയോഗിച്ച ഐഫോൺ, ഇയാൾ പിടിയിലായ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്ന് പോലീസ് കണ്ടെടുത്തു. പുലർച്ചെ അതീവ രഹസ്യമായി നടത്തിയ തെളിവെടുപ്പിലാണ് സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ഫോൺ ലഭിച്ചത്.

കണ്ണൂർ സൈബർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ കുറ്റം അർജുൻ ആയങ്കി സമ്മതിച്ചു. പോസ്റ്റുകൾ ഇട്ടത് താൻ തന്നെയാണെന്നും ഇതിനായി ഒളിവിലായിരുന്നപ്പോൾ സുഹൃത്തുക്കളുടെ ഫോണുകളിലെയും മറ്റ് കേന്ദ്രങ്ങളിലെയും വൈഫൈ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയതെന്നും ഇയാൾ മൊഴി നൽകി. ഫെയ്‌സ്ബുക്ക് അക്കൗണ്ട് താൻ മാത്രമാണ് കൈകാര്യം ചെയ്തിരുന്നതെന്നും മൊബൈൽ സ്ഥിതി ചെയ്യുന്ന സ്ഥലം ഇയാൾ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കണ്ടെത്തിയ ഐഫോൺ കേസിൽ പ്രധാന തെളിവായതിനാൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും. അതിനിടെ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAPA) ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇതിനായുള്ള കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ, സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചു. റിപ്പോർട്ട് വൈകാതെ തന്നെ കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറും.









