ഖർഗെക്കെതിരായ ജാതീയ അധിക്ഷേപം: കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ.സി. വേണുഗോപാൽ


ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ ജാത്യാധിക്ഷേപത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പാർട്ടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച ഹൽദ്വാനിയിൽ നടന്ന കോൺഗ്രസ് റാലിയിൽ പങ്കെടുത്തു മടങ്ങിയതിന് പിന്നാലെ, ഖർഗെ സംസാരിച്ച വേദി തീവ്ര ഹിന്ദുത്വ സംഘടനയായ ‘ശ്രീരാമസേന’ ശുദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ദളിതനായതുകൊണ്ടാണ് തനിക്ക് ഇത്തരം ഒരു അപമാനം നേരിടേണ്ടി വന്നതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്നും വികാരാധീനനായി ഖർഗെ രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിനത്തെ പ്രക്ഷുബ്ധമാക്കിയതും ഈ സംഭവമായിരുന്നു.
ആരോപണം തള്ളി ബി.ജെ.പി
അതേസമയം, ഖർഗെയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ ബി.ജെ.പി, സംഭവം നടത്തിയ ശ്രീരാമസേനയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന നേതൃത്വം അറിയിച്ചു. സാംസ്കാരിക-ആത്മീയ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന വേദി രാഷ്ട്രീയ പരിപാടിക്ക് ഉപയോഗിച്ചതിനാലാണ് ശുദ്ധീകരണ ചടങ്ങ് നടത്തിയതെന്നാണ് ശ്രീരാമസേനയുടെ വിശദീകരണം.









