തന്നെക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പൊലീസ് കാണണമെന്നും മുഖ്യമന്ത്രി
കൊല്ലം: തന്നെക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പൊലീസ് കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. കൊല്ലം റൂറൽ എസ്. പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ജനസേവന സേനയാണെന്നും അതിനാൽ പ്രവർത്തനം കൂടുതൽ സുതാര്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സ്റ്റേഷനുകളിൽ മൂന്നാം മുറ നടപ്പിലാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി സംവിധാനം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി.സി.ടി.വിയടക്കം കേരള പൊലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്നും പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് പൊലീസ് നടത്തുന്നതെന്നും എന്നാൽ വിരലിൽ എണ്ണാവുന്ന ചിലരുടെ പ്രവൃത്തി സേനയുടെ യശസ്സ് ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് വെച്ചുപൊറുപ്പിക്കാൻ ആകില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംസ്ഥാനത്തെ 520 പോലീസ് സ്റ്റേഷനുകളിൽ സി.സി. ടി.വി ക്യാമറ സംവിധാനങ്ങൾ നിലവിൽ വരുമെന്നും ലോക്കപ്പ്, വരാന്ത, സ്വീകരണമുറി, പൊലീസ് ഓഫീസർമാരുടെ മുറി തുടങ്ങി പൊലീസ് സ്റ്റേഷനിലെ വിവിധ സ്ഥലങ്ങളാണ് ക്യാമറ വഴി നിരീക്ഷിക്കുകയെന്നും അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുക. 18 മാസം (ഒന്നര വർഷം) വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും. പോലീസ് കൺട്രോൾ റൂമിലും ഈ ദൃശ്യങ്ങൾ കാണാനാകും.
പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു.ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്‌ക്കേണ്ടി വരുന്നു. പൊലീസ് സേനക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.