കണ്ണൂർ:ജില്ലയിൽ 2027-ലെ സെൻസസ് വിവരശേഖരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ജില്ലാ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. സെൻസസ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ കളക്ടർ നൽകി.
വാർഡുകളുടെ അതിർത്തികൾ സംബന്ധിച്ച് എവിടെയെങ്കിലും ആശയക്കുഴപ്പങ്ങളോ തർക്കങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ അവ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി ജൂലൈ 7, 8 തീയതികളിൽ പ്രത്യേകം സമയം കണ്ടെത്താൻ യോഗത്തിൽ തീരുമാനമായി. ജൂലൈ 30-നകം വിവരശേഖരണം പൂർണ്ണമായും പൂർത്തിയാക്കുകയാണ് ലക്ഷ്യം. വിവരശേഖരണം വേഗത്തിലാക്കാൻ ചില പ്രത്യേക മേഖലകളിൽ കൂടുതൽ എന്യൂമറേറ്റർമാരെ ആവശ്യമുണ്ടോ എന്ന് പരിശോധിക്കും. അക്കാര്യം ചർച്ച ചെയ്യുന്നതിനായി സൂപ്പർവൈസർമാരുടെ പ്രത്യേക യോഗം ഉടൻ വിളിച്ചുചേർക്കും.
പുതുതായി ജില്ലയിലേക്ക് സ്ഥലംമാറി എത്തിയ തഹസിൽദാർമാർക്കായി സെൻസസ് നടപടികൾ സംബന്ധിച്ച് ഓൺലൈൻ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആറളം പോലുള്ള വനമേഖലകളിലെ സെൻസസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വനംവകുപ്പിന്റെ ദ്രുതകർമ്മ സേനയുടെയും എസ്.സി-എസ്.ടി പ്രൊമോട്ടർമാരുടെയും സഹായം ലഭ്യമാക്കും.
കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ എ.ഡി.എം പി.എം. പുരുഷോത്തമൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.കെ. സുബൈർ, തിരുവനന്തപുരം സെൻസസ് ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ., ഡി.ഡി.ഇ ഷൈനി ഡി., വിവിധ ചാർജ് ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









