തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പുതിയ പ്രവചനപ്രകാരം വരും മണിക്കൂറുകളിൽ ശക്തമായ മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തിൽ 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദേശമുള്ളത്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ഇതിൽ പത്തനംതിട്ടയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. അതേസമയം, നാളെയോടെ മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്.








