ദിനേശ് ബീഡി സഹകരണ സംഘത്തിൽ ഭരണമാറ്റം; ചെയർമാൻ ദിനേശ് ബാബുവിനെ മാറ്റി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി


ദിനേശ് ബീഡി സഹകരണ സംഘത്തിൽ ഭരണമാറ്റം; ചെയർമാൻ ദിനേശ് ബാബുവിനെ മാറ്റി

അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി
കണ്ണൂർ: കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഭരണപരമായ മാറ്റം. ചെയർമാൻ ദിനേശ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റി സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി പ്രേം രാജന്. ചാർജ്ന ൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.
സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കണ്ണൂർ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. ടി. ഒ. മോഹനൻ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി.
2026 ജനുവരി 21 മുതൽ മാർച്ച് 13 വരെയുള്ള കാലയളവിൽ സ്ഥാപനത്തിന്റെ കണ്ണൂർ മെയിൻ ബ്രാഞ്ചിൽ നടന്നതായി പറയുന്ന ഏകദേശം 1.70 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിൽ 1.50 കോടി രൂപയുടെ ചെക്ക് ഇടപാടുകളും 20 ലക്ഷം രൂപയുടെ ക്യാഷ് പിൻവലിക്കലും ഉൾപ്പെടുന്നതായി പരാതിയിൽ പറയുന്നു.
സ്ഥാപനവുമായി നേരിട്ട് വ്യാപാരബന്ധമില്ലെന്ന് പരാതിയിൽ ആരോപിക്കുന്ന തമിഴ്നാട് ആസ്ഥാനമായുള്ള സ്വകാര്യ ധനകാര്യ സ്ഥാപനവുമായി വൻതുകയുടെ ഇടപാടുകൾ നടത്തിയതിലും സംശയം ഉന്നയിച്ചിരുന്നു. ബിനാമി ഇടപാടുകൾ, സ്ഥാപനത്തിന്റെ ഫണ്ട് അനധികൃതമായി വകമാറ്റൽ, പണം ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ, ചെക്ക്-ക്യാഷ് ഇടപാടുകൾ, അക്കൗണ്ട് ബുക്കുകൾ, വൗച്ചറുകൾ, അനുബന്ധ രേഖകൾ എന്നിവ പരിശോധിക്കണമെന്നും ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഇടനിലക്കാർ, ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടർനടപടിയായാണ് നിലവിലെ ഭരണസമിതിക്ക് പകരം അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തുടർ അന്വേഷണവും പരിശോധനകളും ഉണ്ടാകുമെന്നാണ് സൂചന.
ആയിരക്കണക്കിന് ബീഡി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രധാന സഹകരണ സ്ഥാപനമായ ദിനേശ് ബീഡി സൊസൈറ്റിയിൽ ഭരണപരമായ മാറ്റം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.








