രാഹുൽ ഒരു നിമിഷം പോലും തുടരരുതെന്ന് ചെന്നിത്തല; സംസ്ഥാന കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുലിനോട് രാജി ചോദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വെളിപ്പെടുത്തലുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാന്തത് തുടരുന്നത് അടുത്തു വരുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് രമേശ് ചെന്നിത്തല കെപിസിസി നേതൃത്വത്തെ അറിയിച്ചു.

 

രാജി ഇനിയും വൈകുന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ സ്ഥാനമൊഴിയണം. രാഹുലിന്റെ രാജി അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനെയും അറിയിച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. രാഹുൽ ഉടൻ എംഎൽഎ സ്ഥാനം ഒഴിയണമെന്ന കർശന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈക്കൊണ്ടിട്ടുള്ളത്.

 

രാഹുലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നതോടെ കോൺഗ്രസ് നേതൃത്വവും കടുത്ത സമ്മർദ്ദത്തിലാണ്. ഇതേത്തുടർന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണ്. നിലവിൽ ഒട്ടുമിക്ക മുതിർന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരിക്കുകയാണ്. കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ മാത്രമാണ് രാഹുലിനെ പിന്തുണച്ചിട്ടുള്ളത്. രാഹുൽ വിഷയത്തിൽ സംസ്ഥാന നേതൃത്വം ഉചിതമായ തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുള്ളതെന്നാണ് സൂചന.

 

രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചാൽ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം. പ്രതിസന്ധിയെ പ്രതിരോധിക്കാനും മറ്റ് രാഷ്ട്രീയ പാർട്ടികളെ സമ്മർദത്തിലാക്കാനും ഈ നടപടിക്ക് കഴിയുമെന്നും രാജി അനിവാര്യമാണെന്ന് വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മാധ്യമ വാർത്തകൾക്കും സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്കും അപ്പുറം ഒരു പരാതി പോലും രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യമില്ലെന്നാണ് മറുപക്ഷത്തിന്റെ വാദം.

Top News from last week.

Latest News

More from this section