ചെറുപുഴ അപകടം: രാജേഷിന്റെ മൃതദേഹത്തോടുള്ള അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്ഐ


കണ്ണൂർ: ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും അനാദരവും ഉണ്ടായതായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. സംഭവത്തിൽ റവന്യൂ, ആരോഗ്യ വകുപ്പുകളിലെ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭരണകൂടത്തിന്റെയും പ്രാദേശിക ജനപ്രതിനിധിയുടെയും ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും ഡിവൈഎഫ്ഐ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

നാലുദിവസം പഴക്കമുള്ള മൃതദേഹം പത്തു മണിക്കൂറിലധികം ദൈർഘ്യമുള്ള ദീർഘദൂര യാത്രയ്ക്കായി വിട്ടുകൊടുത്തത് ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിലാണെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഫ്രീസർ ആംബുലൻസ് നിഷേധിച്ചതിനെത്തുടർന്ന്, യാത്രയ്ക്കിടെ ദുർഗന്ധം വമിച്ചതോടെ പാതിരാത്രിയിൽ ചാവക്കാട്ടുവെച്ച് മൃതദേഹം മറ്റൊരു ഫ്രീസർ ആംബുലൻസിലേക്ക് മാറ്റേണ്ടിവന്നതായും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും സംഘടന വ്യക്തമാക്കി.
രക്ഷാപ്രവർത്തനത്തിലും തുടർന്നുള്ള നടപടികളിലും സർക്കാരും പയ്യന്നൂർ എംഎൽഎയും കൃത്യസമയത്ത് ഇടപെടുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച ഡിവൈഎഫ്ഐ, കാണാതായി മൂന്നാം ദിവസമാണ് ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചതെന്നും കുറ്റപ്പെടുത്തി. ഫ്രീസർ ആംബുലൻസ് നിഷേധിച്ച വകുപ്പ് മേധാവികളെ പ്രൊസിക്യൂട്ട് ചെയ്യണമെന്നും ദുരന്തനിവാരണ രംഗത്തുണ്ടായ അനാസ്ഥയ്ക്ക് കാരണക്കാരായവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.









