ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ പത്തൊന്‍പതുകാരി ദിവ്യ ദേശ്മുഖിന്. ഫൈനലില്‍ കൊനേരു ഹംപിയെ ടൈ ബ്രേക്കറില്‍ വീഴ്ത്തിയാണ് ദിവ്യ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായത്. ചരിത്രനേട്ടത്തിന് ഇരട്ടിമധുരമായി ദിവ്യക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ലഭിച്ചു. വനിത ചെസ് ലോകകപ്പ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ദിവ്യ ദേശ്മുഖ്.
രണ്ടാം റാപ്പിഡ് ഗെയിമില്‍ ആണ് ദിവ്യയുടെ ജയം. രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെയാണ് സമയനിയന്ത്രണമുള്ള ടൈബ്രേക്കര്‍ വേണ്ടിവന്നത്. ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടന്നത്. കിരീട നേട്ടത്തോടെയാണ് ദിവ്യയ്ക്ക് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ലഭിച്ചത്. ?ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ദിവ്യ.
ഇന്ന് നടന്ന ആദ്യ ടൈബ്രേക്കര്‍ സമനിലയിലാണ് അവസാനിച്ചത്. തുടര്‍ന്ന് നടന്ന രണ്ടാം മത്സരത്തില്‍ കറുത്ത കരുക്കളുമായി മത്സരിച്ച ദിവ്യ വിജയകിരീടം നേടുകയായിരുന്നു. ഫിഡേ വനിതാ റേറ്റിങ് പട്ടികയില്‍ നിലവില്‍ 18-ാം സ്ഥാനത്താണ് ദിവ്യ. കൊനേരു ഹംപി അഞ്ചാം സ്ഥാനത്തുമാണ്. പരിചയ സന്പത്തിനൊപ്പം നിലവിലെ റാപ്പിഡ് ലോകചാമ്പ്യനെന്നതും കൊനേരു ഹംപിക്ക് മുന്‍തൂക്കമായിരുന്നു. എന്നാല്‍ റാപ്പിഡ് ചാമ്പ്യനെ റാപ്പിഡ് റൗണ്ടില്‍ തന്നെ വീഴ്ത്തിയാണ് ദിവ്യ കിരീടം ചൂടിയത്. ഒന്നര പോയിന്റിനെതിരെ രണ്ട് പോയിന്റുമായാണ് ദിവ്യയുടെ കിരീടനേട്ടം.











