ജലസ്രോതസ്സുകളിൽ കോഴി, അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകൾ നടത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോഴിമാലിന്യം റെൻഡറിംഗ് പ്ലാൻറുകൾക്ക് നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർദേശിച്ചു. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിൽ വന്ധ്യംകരണത്തെ പോലെ പ്രധാനമാണ് പൊതുഇടങ്ങളിലെ കോഴി, അറവ് മാലിന്യം തള്ളാതിരിക്കുന്നതും. ഡിസ്‌പോസ്ബിൾ ഗ്ലാസ്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എന്നിവ ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് അഭികാമ്യം. ഹരിത പെരുമാറ്റച്ചടം പാലിച്ചുള്ള കല്യാണങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിക്കുന്നത് പഞ്ചായത്തുകൾ തുടരണമെന്നും കലക്ടർ പറഞ്ഞു. മാലിന്യ നിർമ്മാർജനത്തിനും എബിസി പദ്ധതിക്കും എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വെക്കണമെന്ന് ഡിപിസി ചെയർപേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ പറഞ്ഞു. എബിസി പദ്ധതിക്ക് പണം വെക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക റിവിഷൻ അനുവദിക്കും. എബിസി പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനായി ഒരു മാസത്തെ ഷെഡ്യൂൾ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും എബിസി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാദേശിക സമിതി രൂപീകരിക്കണമെന്ന് തെരുവുനായ ശല്യം സംബന്ധിച്ച കർമ്മപദ്ധതി അവതരിപ്പിച്ച തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടിജെ അരുൺ അറിയിച്ചു. ഓരോ പ്രദേശത്തെയും അപകടകാരികളായ നായ്ക്കളെ പിടികൂടി പാർപ്പിക്കുന്നതിനായി താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കണം. എബിസി പദ്ധതി സംബന്ധിച്ച് ബോധവത്കരണം നടത്തണം.
ജില്ലാ പഞ്ചായത്തിന്റെയും ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെയും സ്പിൽ ഓവർ പ്രൊജക്ടുകൾ ഉൾപ്പെടുത്തി പരിഷ്‌ക്കരിച്ച 2023-24 വാർഷിക പദ്ധതിക്ക് യോഗം അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി ഭേദഗതികൾക്ക് അംഗീകാരമായി.
മാലിന്യ നിർമാർജനം, സംസ്‌കരണം പുരോഗതി ശുചിത്വമിഷൻ കോ ഓർഡിനേറ്റർ അവതരിപ്പിച്ചു. അമൃത്-1 പദ്ധതി പ്രകാരമുള്ള കണ്ണൂർ കോർപറേഷന്റെ ജിഐഎസ് അധിഷ്ഠിത കരട് മാസ്റ്റർ പ്ലാൻ ഡിപിസിയുടെ അംഗീകാരത്തിനായി യോഗത്തിൽ സമർപ്പിച്ചു. ഇത് പരിശോധിച്ച് അംഗീകാരം നൽകുന്നതിനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറിന്റെ നേതൃത്വത്തിലുള്ള ഒരു സമിതി രൂപീകരിച്ചു. പകർച്ചവ്യാധികളുടെ നിയന്ത്രണം സംബന്ധിച്ച് ഡെപ്യൂട്ടി ഡിഎംഒ ഡോ. എംപി ജീജ വിശദീകരിച്ചു. ജൂൺ 30ന് വിരമിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക്കിന് യോഗം യാത്രയയപ്പ് നൽകി.
യോഗത്തിൽ ഡിപിസി അംഗങ്ങളായ അഡ്വ. ടിഒ മോഹനൻ, അഡ്വ. ടി സരള, ഇ വിജയൻ, ലിസി ജോസഫ്, കെ ഗോവിന്ദൻ, കെ താഹിറ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ടി രാജേഷ് എന്നിവർ സംബന്ധിച്ചു.