കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനം ഒഴിഞ്ഞത് രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ ആത്മധൈര്യവും പോരാട്ടവീര്യവും നേടിയെടുത്ത ചരിത്രവിജയമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. പ്രതിഷേധിച്ച കുട്ടികളെ തെരുവിൽ അടിച്ചമർത്താൻ നോക്കി പരാജയപ്പെട്ടതോടെ, മറ്റ് വഴികളില്ലാതെ വന്ന ഘട്ടത്തിലാണ് വൈകിയാണെങ്കിലും ഈ രാജിയുണ്ടായതെന്നും അദ്ദേഹം സ്വാഗതം ചെയ്തു. പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവത്വത്തെ ബിഗ് സല്യൂട്ട് അർപ്പിച്ച് അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
വലിയ ആരോപണങ്ങൾ ഉയർന്നുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ പിന്തുണയോടെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിന് മുന്നിൽ ഏകാധിപതികൾക്ക് മുട്ടുമടക്കേണ്ടി വരികയും മന്ത്രിക്ക് നാണംകെട്ട് പടിയിറങ്ങേണ്ടി വരികയും ചെയ്തു.
സമരത്തെ വഴിതിരിച്ചുവിടാനും പ്രതിപക്ഷ നേതാവിനെ തെരുവിൽ വലിച്ചിഴക്കാനും എം.പിമാരെ ക്രൂരമായി കയ്യേറ്റം ചെയ്യാനുമടക്കം ജനാധിപത്യവിരുദ്ധ മാർഗങ്ങൾ ഉപയോഗിച്ചവർക്കെല്ലാം ഇതൊരു വലിയ തിരിച്ചടിയാണ്. അവർക്കിപ്പോൾ തലകുനിക്കേണ്ടി വന്നിരിക്കുന്നു. നീറ്റ് അടക്കമുള്ള പരീക്ഷകൾ പൂർണ്ണമായും കുറ്റമറ്റരീതിയിൽ സംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, വിദ്യാർത്ഥികളുടെ ജീവനും ഭാവിയും വച്ച് ഇനിയെങ്കിലും കളിക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.









