തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുതും വലുതുമായ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും വ്യാവസായിക മുന്നേറ്റത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) നടപ്പാക്കുന്ന ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ’ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകുന്നു. തിരുവനന്തപുരം ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള ആദ്യ വായ്പാ വിതരണവും നിർവഹിക്കും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് വലിയ ഊർജ്ജം പകരുന്ന രീതിയിലാണ് പദ്ധതി പരിഷ്കരിച്ചിരിക്കുന്നത്. മുൻപ് 2 കോടി രൂപയായിരുന്ന വായ്പാ പരിധി പുതിയ പതിപ്പിൽ 5 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. വെറും 6 ശതമാനം പലിശ നിരക്കിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കും. ആകെ പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭ്യമാകുന്ന ഈ പദ്ധതിയിൽ ഒരു വർഷം വരെ മോറട്ടോറിയം ആനുകൂല്യവും ഉറപ്പുനൽകുന്നുണ്ട്.
പദ്ധതി വിപുലീകരണത്തോടൊപ്പം, കൂടുതൽ വലിയ വ്യാവസായിക പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി കെ.എഫ്.സിയുടെ വായ്പാ പരിധി സംസ്ഥാന സർക്കാർ 50 കോടി രൂപയിൽ നിന്ന് 100 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നാണ് കണക്കാക്കുന്നത്.
ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യാതിഥിയാകും. കെ.എഫ്.സിയുടെ മുൻനിര സംരംഭകർക്കുള്ള പ്ലാറ്റിനം, ഗോൾഡ്, സിൽവർ, പിങ്ക് കാർഡുകളുടെ വിതരണം ചടങ്ങിൽ നടക്കും. മികച്ച കെ.എഫ്.സി ശാഖയ്ക്കുള്ള പുരസ്കാരം ഡോ. ശശി തരൂർ എം.പി സമ്മാനിക്കും.
കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻ.എസ്.കെ സ്വാഗതവും ജനറൽ മാനേജർ രഞ്ജിത് കുമാർ ഇ.ആർ നന്ദിയും പ്രകാശിപ്പിക്കുന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് പദ്ധതി വിശദീകരണം നടത്തും. എം. വിൻസെന്റ് എം.എൽ.എ, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ധനകാര്യ സെക്രട്ടറി അജിത് പാട്ടീൽ, കൗൺസിലർ കെ.ആർ. ക്ലീറ്റസ് എന്നിവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും.









