ഷിബു തെക്കുംപുറം എംഎൽഎയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി – കിഫ്ബി പദ്ധതി

തിരുവനന്തപുരം: കിഫ്ബിയുടെ അശാസ്ത്രീയമായ പ്രവർത്തന രീതികളെയും പദ്ധതികൾ വൈകുന്നതിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2016-ൽ ഭരണാനുമതി നൽകിയ ഒരു പദ്ധതിക്ക് പത്ത് വർഷം കഴിഞ്ഞിട്ടും ഡി.പി.ആർ പോലും തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ലെന്ന യാഥാർത്ഥ്യം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഷിബു തെക്കുംപുറം എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

2016-ൽ 30 കോടി രൂപയ്ക്ക് ഭരണാനുമതി നൽകിയ പദ്ധതി, പണി ഇഴഞ്ഞുനീങ്ങി 2021 ആയപ്പോഴേക്കും 255 കോടി രൂപയുടെ എസ്റ്റിമേറ്റായി മാറിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനുശേഷമാണ് റോഡിന്റെ അലൈൻമെന്റ് മാറ്റത്തെക്കുറിച്ചും പുതിയ ഡിസൈനിനെക്കുറിച്ചും ചർച്ചകൾ തുടങ്ങിയത്. എന്നാൽ പുതിയ ഡിസൈൻ പ്രായോഗികമല്ലെന്ന് കിഫ്ബി നിലപാടെടുത്തതോടെ ഏഴ് വർഷം വെറുതെ നഷ്ടമായി. ജനങ്ങളുടെ നികുതിപ്പണം ഇത്തരത്തിൽ ധൂർത്തടിക്കാൻ അനുവദിക്കില്ലെന്നും, അതുകൊണ്ടാണ് കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി പോലുള്ള സ്ഥാപനങ്ങൾക്ക് വെള്ളാനയാകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇതേ പണി പൊതുമരാമത്ത് വകുപ്പിനെയാണ് (പി.ഡബ്ല്യു.ഡി) ഏൽപ്പിച്ചിരുന്നതെങ്കിൽ എം.എൽ.എമാരുടെ കൂടി മേൽനോട്ടത്തിൽ ഒന്നുരണ്ട് സീസണുകൾ കൊണ്ട് പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഷിബു തെക്കുംപുറം എംഎൽഎ ഉന്നയിച്ച പദ്ധതിയെക്കുറിച്ച് അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനൽകി.

Top News from last week.